അഹമ്മദാബാദ്: വോട്ടർമാരെ ഭീഷണിപ്പെടുത്തിയതിന് ഗുജറാത്തിലെ ബിജെപി എംഎൽഎയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. വഡോധര ലോക്സഭാ മണ്ഡലത്തിലെ വഗോഡിയയിൽനിന്നുള്ള എംഎൽഎ മധു ശ്രീവാസ്തവയ്ക്കാണ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
ബിജെപിക്കു വോട്ടു ചെയ്തില്ലെങ്കിൽ പരിണിത ഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്നായിരുന്നു തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കവെ ശ്രീവാസ്തവയുടെ ഭീഷണി. ബിജെപി സ്ഥാനാർഥി രഞ്ജൻ ഭട്ടിനുവേണ്ടി വോട്ടു ചോദിക്കവെയാണ് ശ്രീവാസ്തവ വിവാദ പരാമർശനം നടത്തിയത്. മേഖലയിലെ അനധികൃത താമസക്കാരുടെ കാര്യം “ശരി’യാക്കുമെന്നും വോട്ടു ചെയ്യുന്പോൾ താമരയ്ക്കു തന്നെ കുത്തണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
ശ്രീവാസ്തവയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ഇതോടെയാണ് ജില്ലാ തെരഞ്ഞെടുപ്പ് കമ്മീഷണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.