ജർമൻ വന്പൻ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിന്റെ തലപ്പത്തേക്ക് മുൻ നായകനും സൂപ്പർ ഗോളിയുമായ ഒലിവർ കാൻ എത്തുന്നു. ക്ലബ്ബിന്റെ സിഇഒ ആയാണ് കാന്റെ വരവ്. നിലവിലെ സിഇഒ ആയ കാൾ ഹെയ്ൻസ് റുമിനെജ് 2020-21 സീസണോടെ വിരമിക്കൽ പ്രഖ്യാപിച്ചതോടെയാണിത്.
റുമിനെജിന്റെ പിൻഗാമിയാകാൻ ഏറ്റവും അനുയോജ്യൻ ഒലിവർ കാൻ ആണെന്നാണ് വിലയിരുത്തൽ. ജർമനിയുടെ ദേശീയ ടീമിന്റേയും ബയേണ്‍ മ്യൂണിക്കിന്റെയും ഗോൾ വല ദീർഘകാലം കാത്ത കാൻ, ലോകകപ്പിൽ മികച്ച കളിക്കാരനുള്ള പുരസ്കാരം നേടിയിരുന്നു. 14 വർഷം ബയേണിന്റെ കോട്ട കാത്ത കാൻ ഇപ്പോൾ ക്ലബ്ബിനായി വിവിധ രാജ്യങ്ങളിലായി ഗോൾ കീപ്പിംഗ് പരിശീലനം നൽകി വരികയാണ്.
2002 മുതൽ റുമിനെജാണ് ബയേണിന്റെ സിഇഒ. രണ്ട് വർഷം കാനിനെ തന്റെ കീഴൽ നിയോഗിക്കുമെന്നും, തുടർന്ന് ചുമതല കൈമാറുമെന്നും റുമിനെജ് പറഞ്ഞു. ചർച്ചകൾ നല്ലരീതിയിൽ മുന്നോട്ട് പോകുകയാണെന്നായിരുന്നു കാനിന്റെ പ്രതികരണം.