പൂച്ചാക്കൽ: ആൾതാമസം ഇല്ലാതിരുന്ന വീടിനു തീ പിടിച്ചു വാദ്യോപകരങ്ങൾ കത്തിനശിച്ചു. നാലു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പ്രാഥമിക നിഗമനം. പാണാവള്ളി പഞ്ചായത്തിൽ ഒന്നാം വാർഡിൽ കൊച്ചുകൊട്ടാരം വീട്ടിൽ ഗോപിനാഥിന്റെ ഷീറ്റിട്ട വീടാണ് പൂർണമായും കത്തിനശിച്ചത്. തിങ്കളാഴ്ച പുലർച്ചെ 1.30 ഓടെ ആയിരുന്നു സംഭവം.
തീ പിടിക്കുന്ന സമയം ഗോപിനാഥനും കുടുംബവും സമീപത്തുള്ള വീട്ടിൽ ആയതിനാൽ ആളപായം ഒന്നും സംഭവിച്ചില്ല. ഗോപിനാഥിന്റെ മകൻ വാദ്യോപകരണ പരിശീലകനായ സംഗീത് കുമാർ ഇവിടെ സൂക്ഷിച്ചിരുന്ന 12 ചെണ്ട, ഇടയ്ക്ക, മൃദംഗം, മദ്ദളം ഇവ നിർമിക്കാൻ ഉപയോഗിക്കുന്ന കുറ്റി എന്നിവ ഉൾപ്പെടെ പൂർണമായും കത്തിനശിച്ചു.
കൂടാതെ വീടിനകത്ത് ഉണ്ടായിരുന്ന അലമാരയും വസ്ത്രങ്ങളും പുസ്തകങ്ങളും അഗ്നിക്കിരയായി. കുറെ നാളുകളായി ഗോപിനാഥും കുടുംബവും വീടിനോട് ചേർന്നുള്ള ചെറിയ കെട്ടിടത്തിലാണ് താമസിക്കുന്നത്. തടികൊണ്ട് നിർമിച്ച വീട് കത്തി താഴേക്ക് വീഴുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്.
നാട്ടുകാരുടെയും പൂച്ചാക്കൽ പോലീസ്, അരൂർ യൂണിറ്റിൽ നിന്നും എത്തിയ അഗ്നിശമന സേനയുടെയും സമയോചിതമായ ഇടപെടൽ മൂലമാണ് തീ മറ്റു ഭാഗത്തേക്ക് പടരാതെ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. വൈദ്യുതി കണക്ഷൻ ഇല്ലാതിരുന്ന വീട്ടിൽ തീപിടിച്ചത് എങ്ങനെയാണ് എന്നതിന് വ്യക്തതയില്ല.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമല ശെൽവരാജ്, പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ഡോ.പ്രദീപ് കൂടയ്ക്കൽ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.