കൊച്ചി: തേവര-പേരണ്ടൂർ കനാലിനെ മാലിന്യക്കനാലാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന കലൂരിലെ അറവുശാല ബ്രഹ്മപുരത്തേക്കു മാറ്റിസ്ഥാപിക്കാൻ പദ്ധതി. ബ്രഹ്മപുരം മാലിന്യനിക്ഷേപകേന്ദ്രത്തോടു ചേർന്ന് അത്യാധുനിക സൗകര്യങ്ങളോടെയുള്ള അറവുശാല സ്ഥാപിക്കാനാണു കൊച്ചി കോർപറേഷൻ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച സാധ്യതാപഠനം നടത്തി പ്രപ്പോസൽ തയാറാക്കാൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയെ മേയർ സൗമിനി ജെയിൻ ചുമതലപ്പെടുത്തി.
20 കോടി ചെലവിലുള്ള അറവുശാലയാണു ബ്രഹ്മപുരത്ത് വിഭാവനം ചെയ്തിട്ടുള്ളത്. കലൂരിലെ അറവുശാലയുടെ അധുനികവത്കരണത്തിനായി കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബോർഡിന്റെ (കെഐഐഎഫ്ബി) സാന്പത്തിക സഹായത്തോടെ 15 കോടിയുടെ പദ്ധതി കോർപറേഷൻ തയാറാക്കിയിരുന്നു. ഈ തുകയ്ക്കൊപ്പം അഞ്ചു കോടി കൂടി വകയിരുത്തിയാൽ ബ്രഹ്മപുരത്ത് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ആധുനിക അറവുശാല നിർമിക്കാമെന്നാണ് കഴിഞ്ഞ കൗണ്സിലിൽ അഭിപ്രായം ഉണ്ടായത്.
ബ്രഹ്മപുരത്ത് അറവുശാല വന്നാൽ നഗരത്തിലെ പോലെ തിരക്കുണ്ടാകില്ലെന്നും കച്ചവടക്കാർക്ക് സൗകര്യത്തോടെ എത്തി ഇറച്ചി വാങ്ങിക്കൊണ്ടുപോകാനാകുമെന്നുമാണു പ്രധാനമായും ഇതിലെ സൗകര്യം. മാത്രമല്ല മാലിന്യം വേഗത്തിൽ ബ്രഹ്മപുരത്തെ സംസ്കരണ പ്ലാന്റിലെത്തിച്ചു സംസ്കരിക്കാനുമാകും.
കലൂരിൽ നിലവിലുള്ള അറവുശാലയ്ക്കെതിരേ വ്യാപകമായ പരാതികളാണ് ഉയർന്നിരിക്കുന്നത്. കലൂർ സ്റ്റാൻഡിനും കാൻസർ പരിശോധന കേന്ദ്രത്തിനും പിന്നിലായി നാലു ഭാഗവും കെട്ടിയടച്ച സ്ഥലത്താണ് അറവുശാലയുള്ളത്. ദുർഗന്ധംമൂലം മൂക്ക് പൊത്താതെ ഇവിടെ നിൽക്കാനാവില്ല. മാലിന്യങ്ങൾ റോഡിലേക്കും സമീപത്തെ കാനിയിലേക്കുമൊക്കെ തള്ളുകയാണെന്നും പരാതിയുണ്ട്.
അറവുശാലയിൽനിന്നുള്ള മലിനജലം പേരണ്ടൂർ കനാലിലേക്ക് ഒഴുക്കിവിടുന്നതു പ്രശ്നം രൂക്ഷമാക്കിയിരിക്കുന്നു. ദ്രവ്യമാലിന്യങ്ങൾ പ്യൂരിഫയർ ഉപയോഗിച്ചു ശുദ്ധീകരിച്ചശേഷം മോട്ടോർ ഉപയോഗിച്ചു പേരണ്ടൂർ കനാലിലേക്ക് പന്പ് ചെയ്യുകയാണു വേണ്ടത്. എന്നാൽ പ്യൂരിഫയർ ഫലപ്രദമായി പ്രവർത്തിക്കുന്നില്ല. നിലവിൽ ഒഴുക്കിവിടുന്ന രക്തവും ദ്രവമാലിന്യങ്ങളും ഒഴുക്കുനിലച്ച കനാലിൽ കെട്ടിക്കിടക്കുകയാണ്.
അറവ് കൂടുതലുള്ള ശനി, ഞായർ ദിവസങ്ങളിൽ മാലിന്യനീക്കത്തിന് സംവിധാനമില്ലാത്തതും വലിയ പ്രശ്നമാണ്. നഗരത്തിലെ ഏക അംഗീകൃത അറവുശാലയാണ് കലൂരിലേത്. പശ്ചിമകൊച്ചിയിലുള്ള നഗരസഭയുടെ അറവുശാല മലിനീകരണ നിയന്ത്രണ ബോർഡ് അടച്ചുപൂട്ടിയതോടെ നൂറു കണക്കിന് ആടുമാടുകളെയാണ് തമിഴ്നാട്ടിൽനിന്ന് ആഴ്ചതോറും കലൂരിൽ എത്തിക്കുന്നത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് അറവ് നടക്കുന്നതെന്ന പരാതിയുമുണ്ട്. ഇക്കാര്യങ്ങളൊക്കെ പരിഗണിച്ചാണ് അറവുശാല മാറ്റാനുള്ള തീരുമാനം.