കണ്ണൂർ: കിഫ്ബിയുടെ മസാല ബോണ്ട് സംബന്ധിച്ച മുഴുവൻ വിവരങ്ങളും സർക്കാർ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിൽ പത്രസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോണ്ടിന്റെ കാലാവധി എത്ര വർഷമാണെന്ന് സർക്കാർ പറയണം.
2024 മുതൽ 25 വർഷത്തെ തിരിച്ചടവാണെന്നാണ് സർക്കാർ തന്നിരുന്ന ധാരണ. പക്ഷേ ലണ്ടൻ സ്റ്റോക്ക് എക്ചേഞ്ചിന്റെ വെബ്സൈറ്റിൽ കാണുന്നത് കിഫ്ബിയുടെ ബോണ്ട് അഞ്ചുവർഷ കാലാവധിക്കുള്ളതെന്നാണ്. അഞ്ചുവർഷ കാലാവധിയാണെങ്കിൽ അത് സംസ്ഥാനത്തിന് വരുത്തിവയ്ക്കുന്ന ബാധ്യത നേരത്തെ കരുതിയതിലും വളരെ കൂടുതലായിരിക്കുമെന്നും ഏതാണ് ശരിയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
ഇതുസംബന്ധിച്ച എല്ലാ ഫയലുകളും പ്രതിപക്ഷത്തിന് ലഭ്യമാക്കണം. പലിശ കുറവാണെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നത്. പക്ഷേ കിഫ്ബിയുടെ റേറ്റിംഗ് കുറവായിരുന്നതിനാൽ കൂടുതൽ പലിശ കൊടുക്കേണ്ടിവന്നുവെന്ന് കിഫ്ബി സിഇഒയും പറയുന്നു. മുഖ്യമന്ത്രി പലിശ കുറവെന്ന് പറഞ്ഞ് ജനത്തെ പറ്റിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.