യാംഗോണ്‍ (മ്യാന്മർ): 2020 ഒളിന്പിക് യോഗ്യതാ രണ്ടാം റൗണ്ടിൽ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം പുറത്ത്. ഗ്രൂപ്പ് എയിലെ നിർണായക മത്സരത്തിൽ മ്യാന്മറിനോട് സമനില വഴങ്ങിയതാണ് ഇന്ത്യക്ക് വിനയായത്.
രണ്ട് ജയവും ഒരു സമനിലയും ഉൾപ്പെടെ ഏഴ് പോയിന്റാണ് ഇന്ത്യക്ക് ഉണ്ടായിരുന്നത്. ഇത്രതന്നെ പോയിന്റുള്ള മ്യാന്മർ ഗോൾ വ്യത്യാസത്തിൽ ഇന്ത്യയെ മറികടന്ന് ഗ്രൂപ്പ് ചാന്പ്യന്മാരായി. ഗ്രൂപ്പ് ചാന്പ്യന്മാർ ആകുന്ന ടീമിനാണ് അടുത്ത റൗണ്ട് യോഗ്യതാ പോരാട്ടത്തിന് ടിക്കറ്റ് ലഭിക്കുക.
മ്യാന്മറും ഇന്ത്യയും മൂന്ന് ഗോൾ വീതമടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. മത്സരത്തിൽ ആദ്യ ഗോൾ നേടിയത് ഇന്ത്യയായിരുന്നു. 10-ാം മിനിറ്റിൽ സന്ധ്യയിലൂടെ ഇന്ത്യ മുന്നിലെത്തി. 17, 22 മിനിറ്റുകളിലെ ഗോളിലൂടെ മ്യാന്മർ 2-1നു മുന്നിലെത്തി. 32-ാം മിനിറ്റിൽ സന്ധ്യയുടെ പാസിൽ സഞ്ജു ഇന്ത്യയെ ഒപ്പമെത്തിച്ചു.
64-ാം മിനിറ്റിൽ ഇന്ത്യ 3-2ന് ലീഡ് സ്വന്തമാക്കി. രത്നബാല ദേവിയായിരുന്നു ഗോൾ നേടിയത്. എന്നാൽ, 72-ാം മിനിറ്റിൽ മ്യാന്മർ ഒപ്പമെത്തി ഇന്ത്യയുടെ ഒളിന്പിക് സ്വപ്നത്തിന് തുരങ്കംവച്ചു.