വെഞ്ഞാറമൂട് : വട്ടപ്പാറയില്‍ വീട്ടമ്മ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം ലഹരി മാഫിയയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. നിരവധി പേരെ ഇതിനകം തന്നെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടു. ഒരാൾ ഇപ്പോഴും കസ്റ്റഡിയിൽ ഉള്ളതായി സൂചനയുണ്ട്. വട്ടപ്പാറ പന്നിയോട് പന്നിയോട് വീട്ടില്‍ സുശീല(65) യെ ഇന്നലെ രാവിലെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ ഇവരുടെ മകന് വീട്ടിലെത്തിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടു. വീട് പൂട്ടിയ നിലയിലുമായിരുന്നു. തുടര്‍ന്ന് സംശയം തോന്നി വട്ടപ്പാറ പോലീസില്‍ വിവരമറിയിച്ചു. അവര്‍ എത്തി കതക് പൊളിച്ച് അകത്ത് കടന്നപ്പോള്‍ കിടപ്പുമുറിയില്‍ ജീര്‍ണിച്ച് തുടങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.
വീട് പുറത്തു നിന്ന് പൂട്ടിയിരുന്നതും മൃതദേഹത്തിന് സമീപം മുളക് പൊടി വിതറിയിരുന്നതും കഴുത്ത് ഞെരിച്ചതിന്റെ പാടുകൾ കണ്ടെത്താനായതുമാണ് പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നത്. ഇവരുമായി പണമിടപാട് നടത്തി വരുന്നവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഡോഗ് സ്ക്വാഡ് സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും മറ്റു തെളിവുകൾ ഒന്നും ലഭിച്ചിരുന്നില്ല. അയല്‍ക്കാരുമായും ഇവർ വലിയ സഹകരണമുണ്ടായിരുന്നില്ലന്ന് പറയപ്പെടുന്നു. മൊബൈൽ ടവർ – സി സി കാമറകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നതായി വട്ടപ്പാറ പോലീസ് പറയുന്നു.