സ്വന്തം ലേഖകന്‍
കോഴിക്കോട്: പുറത്തുവരുന്ന സര്‍വേകളില്‍ പ്രതീക്ഷ അര്‍പ്പിച്ച് ബിജെപി.ഏറ്റവും ഒടുവിലായി വന്ന സ്വകാര്യ ചാനല്‍ സര്‍വേയില്‍ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് വിജയിക്കുമെന്ന വാര്‍ത്തയാണ് നേതൃത്വത്തിന് ഏറെ ആശ്വാസം പകരുന്നത്. അഞ്ച് സീറ്റില്‍ വിജയസാധ്യതയുണ്ടെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം നേരത്തേ കേന്ദ്രത്തിന് നല്കിയ റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യത്തില്‍ തൃശൂരും, പാലക്കാടും പത്തനം തിട്ടയിലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് നേതൃത്വത്തിനുള്ളത്.
ആറ്റിങ്ങലില്‍ ശോഭാസുരേന്ദ്രനും വിജയിച്ചുകയുമെന്ന പ്രതീക്ഷ നേതാക്കള്‍ പങ്കുവയ്ക്കുന്നു. പ്രചാരണത്തിന് പ്രധാനമന്ത്രി ഉള്‍പ്പെടെ കേരളത്തില്‍ എത്തുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.സീറ്റ് നേടാനായില്ലെങ്കില്‍ അത് ബിജെപി സംസ്ഥാന ഘടകത്തില്‍ വലിയപൊട്ടിത്തെറിക്ക് വഴിവച്ചേക്കും മാത്രമല്ല ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ളയെ തല്‍സ്ഥാനത്തുനിന്നും മാറ്റാനും കേന്ദ്ര നേതൃത്വം തയ്യാറാകും.
പാര്‍ട്ടിക്ക് എക എംഎല്‍എ വന്നത് കുമ്മനം രാജശേഖരന് സംസ്ഥാന അധ്യക്ഷന്‍ ആയപ്പോഴായിരുന്നു. ഇന്ന് അതേ കുമ്മനത്തെ ലോക്സഭയില്‍ എത്തിക്കാന്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തിന് കഴിയുമോ എന്ന ചോദ്യമാണ് ഉയരുന്നത്. പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ഇതിനുകഴിയും എന്ന വിശ്വാസക്കാരാണ്. എന്നാല്‍ അവസാനനിമിഷമുണ്ടാകുന്ന അടിയൊഴുക്കുകളില്‍ എന്തുംസംഭവിക്കാമെന്ന ആശങ്കയും അവര്‍ക്കുണ്ട്. അതേസമയം നിലവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശിതരൂരിനേക്കാള് പ്രചരണരംഗത്ത് കുമ്മനം ഏറെ മുന്നിലാണ്.
ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൃത്യമായി തന്നെ ബിജെപി ഉയര്‍ത്തുന്നുണ്ട്. മണ്ഡലങ്ങളുടെ സ്വഭാവം മനസിലാക്കിയാണ് ശബരിമല വിഷയം ഉയര്‍ത്തുന്നത് എന്നുമാത്രം.തിരുവനന്തപുരത്ത് പാര്‍ട്ടിക്കു നേരത്തെ തന്നെ വേരോട്ടമുള്ളതിനാല്‍ ഇവിടെ വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഏറെ ചര്‍ച്ചയാകുന്നത്. ഒപ്പം സിപിഎം വോട്ട് മറിക്കാനുള്ള സാധ്യതയും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുന്നു. അതേസമയം പത്തനം തിട്ടയില്‍ ശബരിമലതന്നെയാണ് വിഷയം. ആറ്റിങ്ങലിലും തൃശൂരും സ്ഥിതി വ്യത്യസ്തമല്ല.
തൃശൂരില്‍ ശബരിമലയുടെ പേരില്‍ വോട്ടഭ്യര്ത്ഥിച്ചതുമൂലം സുരേഷ്ഗോപിക്കെതിരേ ജില്ലാകളക്ടര്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇത് തൃശൂരിലെ സാധ്യതകള്‍ വര്ധിപ്പിച്ചിട്ടേയുള്ളൂവെന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളത്.
ശബരിമല വിടാതെ അതിനൊപ്പം വീണ്ടും വരണം മോഡിഭരണം എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ടുവരികയാണ് ബിജെപി. രാഹുല്ഗാന്ധികേരളത്തില് സ്ഥാനാര്‍ഥിയായതോടെ ദേശീയ തലത്തിലുള്ള സിപിഎം-കോണ്‍ഗ്രസ് അഡ് ജസ്റ്റ് മെന്റും പാര്‍ട്ടി തുറന്നുകാണിക്കുന്നു. 12ന് പ്രധാനമന്ത്രിയും തുടര്‍ന്ന് അമിതാഷയും എത്തുന്നതോടെ പ്രചാരണ രംഗം കൊഴുപ്പിക്കാനാണ് നിലവില്‍ തീരുമാനം.ശബരിമല പ്രകടനപത്രിയില്‍ ഉള്‍പ്പെടുത്തിയത് സംസ്ഥാന നേതൃത്വത്തിന്റെ വിജയമായി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.