ഒരുകാലത്തു നിരന്തരം പുകവലിച്ചിരുന്ന ആളാണു കെ.എം. മാണി. അതിനെപ്പറ്റി അദ്ദേഹം തന്നെ പറയുന്നു: പുകവലിയായിരുന്നു എന്റെ ദുശ്ശീലം. വിൽസും പിന്നീട് ട്രിപ്പിൾ ഫൈവും അഞ്ചു പായ്ക്കറ്റു വരെ ചെയിനായി വലിച്ച കാലമുണ്ട്.
പലപ്പോഴും പുകവലി നിർത്താൻ ശ്രമിച്ചു പരാജയപ്പെട്ടു. വിഴിഞ്ഞത്തു ഹോട്ടലിൽ താമസിച്ചു ബജറ്റുകൾ എഴുതിത്തീർക്കുന്പോൾ ജൂബയിൽനിന്നു സിഗരറ്റ് പായ്ക്കറ്റോടെ എടുത്ത് കടലിലേക്കു വലിച്ചെറിഞ്ഞ അനുഭവങ്ങളുണ്ട്.
വത്തിക്കാനിൽ പോയപ്പോൾ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പ്രാർഥിച്ചിറങ്ങി സിഗരറ്റ് അവിടെ ഉപേക്ഷിച്ചുപോന്നിട്ടുണ്ട്. തിരുവനന്തപുരത്ത് എത്തിയാൽ മേലിൽ വലിക്കില്ലെന്നു പ്രതിജ്ഞയെടുത്ത് പാലായിൽ നിന്നു പുറപ്പെട്ട് കൊട്ടാരക്കരയിൽ എത്തുന്പോൾ സിഗരറ്റുകൾ എറിഞ്ഞുകളഞ്ഞിട്ടുണ്ട്. പിന്നെയും ഞാൻ വലിച്ചുകൊണ്ടേയിരുന്നു.
പുകവലി എന്നേക്കുമായി ഉപേക്ഷിച്ചതു മകൾക്കുവേണ്ടിയുള്ള ഒരു ത്യാഗമായിരുന്നു. മൂത്ത മകൾ എൽസമ്മയുടെ പ്രസവം ഏറെ കോംപ്ലിക്കേഷനായിരുന്നു. പ്രാർഥനമാത്രം രക്ഷയാക്കി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എല്ലാവരും കണ്ണീരൊഴുക്കി നിൽക്കുന്പോഴാണ് ഒരു ത്യാഗമെന്നോണം ഇനി പുകവലിക്കില്ലെന്നു തീരുമാനമെടുത്തത്. ദൈവം മകളെയും കുഞ്ഞിനെയും രക്ഷിച്ചു. ഞാൻ വലി ഉപേക്ഷിക്കുകയും ചെയ്തു.