തൃശൂർ: പ്രമുഖ പാർട്ടികൾക്കു മാത്രമല്ല, സ്വതന്ത്ര സ്ഥാനാർഥിക്കും പ്രകടന പത്രികയും വാഗ്ദാനങ്ങളും നൽകിക്കൂടേ. എല്ലാ പാർട്ടികളും വലിയ വലിയ വാഗ്ദാനങ്ങൾ നൽകുന്നു, പലതും നടപ്പാക്കുന്നുമില്ല. ഇത് മുന്നിൽകണ്ടാണോ വാഗ്ദാനങ്ങൾ നൽകുന്നതെന്ന് ചോദിച്ചാൽ തൃശൂർ ലോക്സഭ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന സോനുവിന് വ്യക്തമായ മറുപടിയുണ്ട്.
താൻ വിജയിച്ചാൽ പറഞ്ഞ വാഗ്ദാനങ്ങളൊക്കെ നടപ്പാക്കും. പക്ഷേ വാഗ്ദാനങ്ങൾ കേട്ടാൽ വോട്ടർമാരും ഞെട്ടും. തൃശൂരിൽ വിമാനത്താവളം, കർഷകർക്ക് ഒരേക്കർ കൃഷി ഭൂമി, മിനിമം വേതനം 400 രൂപ, വർഷം 12,000 രൂപ, വിവാഹത്തിന് സ്വർണം വാടകയ്ക്ക് നൽകുന്ന സന്പ്രദായം തുടങ്ങി നിരവധി വാഗ്ദാനങ്ങളാണുള്ളത്.
ലോക്സഭയായതിനാൽ വാഗ്ദാനം കേരളത്തിൽ മാത്രം ഒതുങ്ങുന്നില്ല. ജയിച്ചാൽ രാജ്യാതിർത്തിയിൽ ഇന്ത്യാ മതിൽ വരെ നിർമിക്കുമെന്നാണ് പറയുന്നത്. ചിഹ്നം ഫുട്ബോളാണെന്നു കരുതി തട്ടിക്കളയാമെന്ന് കരുതണ്ടാ, ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ പിന്തുണയോടെയാണ് മത്സരത്തിനിറങ്ങിയിരിക്കുന്നത്.
തൃശൂർ പ്രസ്ക്ലബിൽ പത്രസമ്മേളനം നടത്തിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.ഗാന്ധിയൻ പാർട്ടി ജില്ലാ പ്രസിഡന്റ് പി.ടി. സനൂപ്, സെക്രട്ടറി റിബിൻ ബാബു, കണ്‍വീനർ വി.എസ്. ദീപക്ക് എന്നിവരും ഒപ്പമുണ്ടായിരുന്നു.