സ്വന്തം ലേഖകൻ
തൃശൂർ: തെരഞ്ഞെടുപ്പ് ചൂടിനിടയിലും വിഷുവിന്റെ പടക്കവിപണി ഉണർന്നു. തേക്കിൻകാട് മൈതാനിയിൽ മൂന്ന് പടക്കവിൽപന സ്റ്റാളുകൾ ആരംഭിച്ചിട്ടുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നല്ല കച്ചവടമാണ് പ്രതീക്ഷിക്കുന്നതെന്ന് കച്ചവടക്കാർ പറഞ്ഞു. സാധാരണ തേക്കിൻകാട് മൈതാനത്ത് ഒരു സ്റ്റാൾ മാത്രമേ ഉണ്ടാകാറുള്ളു.
പതിവ് ഇനങ്ങൾക്ക് പുറമെ ശിവകാശിയിൽ നിന്നും വൈവിധ്യമാർന്ന ഇനങ്ങളും പടക്കവിപണിയിൽ ഇത്തവണ എത്തിച്ചിട്ടുണ്ട്.കർശന നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ടെങ്കിലും വിഷു അടുക്കുന്നതോടെ കച്ചവടം പൊടിപൊടിക്കുമെന്നാണ് കണക്കുകൂട്ടൽ.
മേശപ്പൂവിന്റെ മാതൃകയിലുള്ള പീകോക്ക് ഡാൻസ് അഥവാ മയിലാട്ടമാണ് ഇത്തവണത്തെ ആകർഷകമായ ഇനം. 120 രൂപയാണ് ശിവകാശിയിൽ നിന്നും ഇറക്കിയിട്ടുള്ള ഈ ഇനത്തിന് വില. തിരികൊളുത്തിക്കഴിഞ്ഞാൽ മുകളിലേക്ക് പോയി മയിലാട്ടം പോലെ വിടരുന്ന ഇനം ഇത്തവണത്തെ വിപണിയിലെ പുതുമയാണ്.
കന്പിത്തിരിക്ക് ചെറുതിന് 17 രൂപ മുതലാണ് വില. 70 രൂപവരെയാണ് കന്പിത്തിരിക്ക് വില. ഒരുമിച്ചെടുക്കുന്പോൾ വിലക്കിഴിവും നൽകുന്നുണ്ട്. ഫയർ പെൻസിൽ, സ്റ്റാർ വാർ, ക്രിസ്മസ് ട്രീ, ബാഗ് പേപ്പർ, റെക്ടാഗുലർ ബോംബ്, ഇന്ത്യൻ കിങ് ഗ്രീൻ, റെയിൻബോ ഫൗണ്ടൻ മേശപ്പൂ, ജയന്റ് കളർ മേശപ്പൂ, ഫ്ളവർ ഷോ എന്നിവയും പടക്കവിപണിയിലെ ഡിമാന്റുള്ള ഇനങ്ങളാണ്.
40 രൂപ മുതൽ ആരംഭിക്കുന്ന പടക്കങ്ങളുടെ വില 1100 രൂപവരെയാണ്. വെള്ളമാല നാടന് 28 രൂപയെ ഉള്ളു. മേശപ്പൂവിന് 13ൽ തുടങ്ങി 150 രൂപവരെയുണ്ട്.ബ്രഹ്മോസ് റോക്കറ്റ്, സ്കൈ കാർണിവൽ, സ്കൈ വാരിയേഴ്സ്, ടെർമിനേറ്റർ, മാജിക് ചക്കർ, റോക്കറ്റ് ബോംബ്, ഇലക്ട്രിക് ഡയമണ്ട്സ്, വൈറ്റ് ഏയ്ഞ്ചൽസ് എന്നീ പേരുകളിൽ കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ ആകർഷിക്കുന്ന നിരവധി കരിമരുന്ന് വിഭവങ്ങൾ വിൽപ്പനക്കെത്തിയിട്ടുണ്ട്.
തേക്കിൻകാട് മൈതാനിയിൽ സ്റ്റാളുകൾ സജ്ജമാക്കുന്പോഴേക്കും പടക്കം വാങ്ങാൻ കുട്ടികളെത്തിത്തുടങ്ങിയിട്ടുണ്ട്.