പരവൂർ: വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവർക്ക് സ്മാരകം നിർമിക്കണമെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം ഇതുവരെ യാഥാർഥ്യമായില്ല.പരവൂർ ജംഗ്ഷനിലോ ക്ഷേത്രത്തിലെ വിശാലമായ കോമ്പൗണ്ടിലോ ഏറ്റവും കുറഞ്ഞത് ഒരു സ്മൃതി മണ്ഡപം എങ്കിലും നിർമിക്കണം എന്നാണ് എല്ലാവരുടെയും ആവശ്യം.ഈ ആവശ്യം നഗരസഭ അധികൃതർ കഴിഞ്ഞ ബജറ്റിൽ നിർദേശമായി ഉൾപ്പെടുത്തിയെങ്കിലും തുടർ നടപടികൾ ഒന്നും ഉണ്ടായില്ലെന്ന ആക്ഷേപം നിലനിൽക്കുന്നു.
ഇതിന് അടിയന്തിര പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാർ പറയുന്നത്. 1988 ജൂലൈ എട്ടിനാണ് പെരുമണിൽ 105 പേരുടെ മരണത്തിന് ഇടയാക്കിയ തീവണ്ടി അപകടം ഉണ്ടായത്.അപകടം നടന്ന സ്ഥലത്ത് സ്മൃതി മണ്ഡപം നിർമിച്ചത് ജനപ്രതിനിധികളുടെ ശ്രമഫലമായാണ്. മരിച്ചവരുടെ ബന്ധുക്കൾ സ്മരണ പുതുക്കാനും പുഷ്പാഞ്ജലി അർപ്പിക്കാനും വർഷം തോറും ഇവിടെ എത്താറുണ്ട്.
ഇതുപോലൊരു സംവിധാനം പരവൂരിലും സംഘടിപ്പിക്കേണ്ട സമയം അതിക്രമിച്ചു എന്ന് പറയാതിരിക്കാൻ വയ്യ.ക്ഷേത്രത്തിലെ മീനഭരണി ഉത്സവം ഇക്കുറി രണ്ടിന് ആരംഭിച്ച് എട്ടിന് സമാപിച്ചു. ക്ഷേത്രം ഇനി 16-ന് മാത്രമേ തുറക്കുകയുള്ളൂ. ഇക്കുറി ദുരന്ത വാർഷിക ആചരണം ഒരു സംഘടനയുടെ ആഭിമുഖ്യത്തിലും നടത്തപ്പെടുന്നില്ല എന്നതാണ് ലഭ്യമായ വിവരം.
കൊല്ലത്ത് പ്രത്യേക കോടതി വന്നേക്കും
കൊല്ലം: വെടിക്കെട്ട് ദുരന്തത്തിന്റെ വിചാരണ നടപടികൾ ത്വരിത വേഗത്തിലാക്കാൻ കൊല്ലത്ത് പ്രത്യേക കോടതി വന്നേക്കും.കേസിലെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിതനായ പാരിപ്പള്ളി രവീന്ദ്രൻ അടക്കമുള്ളവർ പ്രത്യേക കോടതി വേണമെന്ന ആവശ്യം സർക്കാരിനോട് ഉന്നയിച്ചിരുന്നു.സർക്കാർ ഈ ആവശ്യം നിലപാട് അറിയുന്നതിനായി ഹൈക്കോടതിക്ക് കൈമാറി. പ്രസ്തുത ആവശ്യം ഹൈക്കോടതി അംഗീകരിച്ചു എന്നാണ് ലഭ്യമായ വിവരം. കൊല്ലത്ത് തന്നെ കോടതി പ്രവർത്തിക്കാനാണ് കൂടുതൽ സാധ്യത.
അതേ സമയം കോടതി പരവൂരിൽ വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം അഭിഭാഷകർ രംഗത്ത് വന്നിട്ടുണ്ട്.
കോടതി എവിടെ വന്നാലും വിചാരണ നടപടികൾ വർഷങ്ങൾ നീളുമെന്നാണ് നിയമ രംഗത്തെ പ്രമുഖർ പറയുന്നത്.
ജില്ലാ കളക്ടറുടെ അനുമതിക്കായി നൽകിയ കുറ്റപത്രത്തിൽ കേസിൽ 53 പ്രതികൾ ഉള്ളതായാണ് വിശ്വസനീയമായ വിവരം.
ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും വെടിക്കെട്ട് ലൈസൻസികളും അവരുടെ ജീവനക്കാരുമാണ് പ്രധാനമായും പ്രതിസ്ഥാനത്ത് ഉള്ളത്. പ്രതി പട്ടികയിലെ ചിലർ ദുരന്തത്തിൽ മരിക്കുകയുണ്ടായി. കുറ്റപത്രത്തിൽ പോലീസ്-റവന്യൂ ഉദ്യോഗസ്ഥരെ ഒഴിവാക്കിയത് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടാൽ വിചാരണ നടപടികൾ പതിറ്റാണ്ടുകൾ നീണ്ടുപോകാനുള്ള സാധ്യതയും ഉണ്ട്.