ആലക്കോട്: നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ആലക്കോട് സെന്റ് മേരീസ് നഗറിലെ അപ്രോച്ച് റോഡ് യാഥാർഥ്യമായി. ആലക്കോട് പുഴയ്ക്ക് കുറുകെ സെന്റ് മേരീസ് നഗറിൽ കോൺക്രീറ്റ് പാലം പണിതിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് യാഥാർഥ്യമാകാത്തതിനെ തുടർന്ന് പാലം കൊണ്ടുള്ള ഉപകാരമില്ലാതെ കഴിയുകയായിരുന്നു ജനങ്ങൾ.
പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു ലക്ഷങ്ങൾ ചെലവഴിച്ച് പാലം പണിതത്. വർഷങ്ങൾ കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് യാഥാർഥ്യമാകാത്തതിനെത്തുടർന്ന് നാട്ടുകാരിൽ എതിർപ്പ് ശക്തമായ സാഹചര്യത്തിലാണു പഞ്ചായത്ത് റോഡ് ഏറ്റെടുക്കുന്നത് വേഗത്തിലാക്കിയത്. റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് ഇരുവശത്തും 50 മീറ്റർ ടാറിംഗ് ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കി. റോഡിന്റെ സംരക്ഷണ ഭിത്തിയുടെ നിർമാണം ഇപ്പോൾ പുരോഗമിക്കുകയാണ്.
സെന്റ് മേരീസ് നഗറിലെ അപ്രോച്ച് റോഡ് പൂർണമായും ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കുന്നതോടെ ഈ പ്രദേശത്തെ ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമാണ് ഫലമണിയുക. ആലക്കോട് ടൗണിലേക്ക് പ്രദേശവാസികൾക്ക് ഇതുവഴി വളരെ വേഗമെത്താമെന്നത് ഏറെ ഗുണം ചെയ്യും.