പത്തനാപുരം: മതത്തിനു വേണ്ടിയല്ല അധികാരത്തിന് വേണ്ടി മാത്രമാണു ബിജെപി ലക്ഷ്യമിടുന്നതെന്ന് വൃന്ദ കാരാട്ട്. കസേരക്കു വേണ്ടിയുള്ള ഉപാധിയായിട്ടാണു ബി ജെപി മതത്തെ ഉപയോഗിക്കുന്നതെന്നും അവർ പറഞ്ഞു.മാവേലിക്കര ലോക്സഭാ മണ്ഡലം എൽ ഡിഎഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാറിന്റെ തെരഞ്ഞെടുപ്പു വനിത പാർലമെന്റ് സമ്മേളനം പത്തനാപുരത്തു ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്.
ബിജെപി ദളിതരെയും, താഴെക്കിടയിലുള്ളവരെയും ദ്രോഹിക്കുകയും, കോർപ്പറേറ്റുകളെ പ്രീതിപ്പെടുത്തുകയും ചെയ്യുന്ന ഭരണമാണു പിന്തുടരുന്നതെന്നും, മതേതരത്വവും, ജനാധിപത്യവും നിലനിൽക്കണമെങ്കിൽ ബിജെപി സർക്കാർ താഴെയിറങ്ങേണ്ട ആവശ്യം ശക്തമാണെന്നും അവർ പറഞ്ഞു.
എംപിയെന്ന നിലയിൽ കൊടിക്കുന്നിൽ സുരേഷ് മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ വൻ പരാജയമായിരുന്നെന്നും, അദ്ദേഹം കേവലം ഒരു ഫോട്ടോ ഷൂട്ട് എം പി ആയിരുന്നെന്നും അവർ കുറ്റപ്പെടുത്തി.സമ്മേളനത്തിൽ എംഎൽഎമാരായ കെ.ബി. ഗണേഷ് കുമാർ, ഐഷ പോറ്റി,മുൻ എംഎൽഎ ഡോ. ആർ. ലതാദേവി, എസ് വേണുഗോപാൽ, ബി. അജയകുമാർ,അഡ്വ. എച്ച്. രാജീവൻ, സൂസൻ കോടി, എൻ. ജഗദീശൻ, എം. ജിയാസുദ്ദീൻ, എം. മീരാപിള്ള, ഏലിയാമ്മ ടീച്ചർ, സീനത്ത് അയൂബ്, ജോസ് ദാനിയൽ, ഫാത്തിമാ ഖാൻ, ആശ ശശിധരൻ, അജിത ബീഗം, ലക്ഷ്മിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.