വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പുമായി മന്ത്രി എം. എം മണി. കോണ്‍ഗ്രസിന് ഇപ്പോള്‍ എന്തെന്നില്ലാത്ത ആത്മവിശ്വാസമാണെന്നും വയനാട്ടില്‍ ജയിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ 1958 ല്‍ ദേവികുളം ഉപതെരഞ്ഞെടുപ്പില്‍ വമ്പന്മാരായ ഇന്ദിരാ ഗാന്ധിയും കാമരാജും അണിനിരന്നിട്ടും കമ്യൂണിസ്റ്റ് പാര്‍ട്ടി വിജയിച്ച ചരിത്രം ഉണ്ടെന്ന് എം. എം. മണി ഓര്‍മ്മപ്പെടുത്തി.
ബി. കെ. നായര്‍ ഉയര്‍ത്തിയ വെല്ലുവിളി 7089 വോട്ടുകള്‍ക്ക് മറികടന്നത് മറ്റാരുമല്ലായിരുന്നു റോസമ്മ പുന്നൂസ് ആയിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നശിപ്പിക്കാനായി കച്ചകെട്ടിയവരെയെല്ലാം മലര്‍ത്തിയടിച്ചു ആ ധീര വനിത എന്നും മണി പറയുന്നു, മാത്രമല്ല വയനാടന്‍ അങ്കത്തിന് വാടാ പാക്കലാം എന്നും ഫേസ്ബുക്കില്‍ കുറിച്ചു.
എം. എം. മണിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഒരു ദേവികുളം അപാരത
രാഹുല്‍ ഗാന്ധിയുടെ വയനാടന്‍ അങ്കം ചര്‍ച്ചയാവുന്ന ഈ വേളയില്‍ പഴയൊരു സംഭവത്തെ പറ്റി പറയാം -1958 ലേത്. രാഹുലിന്റെ മുത്തശ്ശി ഇന്ദിരാഗാന്ധിയും , കാമരാജും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമെല്ലാം അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ഇലക്ഷന് പ്രചരണത്തിനിറങ്ങിയ 1958ലെ ദേവീകുളം ബൈ ഇലക്ഷന്.
അതു പറയുമ്പോള്‍ 1957 ലേക്ക് ഒന്ന് മടങ്ങി പോകണം. 1957 ഏപ്രില്‍ 5നാണ് ഇ എം എസ് മന്ത്രി സഭ അധികാരമേല്‍ക്കുന്നത്. ലോകത്തെങ്ങും ചര്‍ച്ചയായ ആ സംഭവത്തോടെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ആ ഗവണ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സി ഐ എ ഒക്കെ രംഗത്ത് വന്നു. ഭൂപരിഷ്ക്കരണം, വിദ്യാഭ്യാസ ബില്‍ തുടങ്ങി ഒരു പിടി വിപ്ലവകരമായ മാറ്റങ്ങളിലൂടെ ഇ എം എസ് ഗവണ്മെന്റ് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നപ്പോള്‍ ചിലരെ ആ നീക്കങ്ങള്‍ വിറളിപിടിപ്പിച്ചിരുന്നു. കത്തോലിക്കാ സഭയും (കെ എസ് ബി സി), എന്‍ എസ് എസ് ഉം ആയിരുന്നു അതില്‍ പ്രമുഖര്‍. ഇന്ത്യന്‍ പാര്‍ലമെന്റില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു അന്ന് മുഖ്യ പ്രതിപക്ഷം. അങ്ങനെയിരിക്കെയാണ് ദേവികുളം ബൈ ഇലക്ഷന് ഉത്തരവാകുന്നത്.
ഇടുക്കിയിലെ ദേവീകുളത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയും തമ്മിലുള്ള പോരാട്ടത്തിന് അരങ്ങുണര്‍ന്നു. ദേശീയ മാധ്യമങ്ങള്‍ പണി തുടങ്ങി. കമ്യൂണിസം എന്ന വിപത്തിനെ കെട്ടുകെട്ടിക്കേണ്ടതിന്റെ അവശ്യകതയെ പറ്റി ഇന്ത്യന്‍ എക്സ്പ്രസ് എഡിറ്റോറിയല്‍ എഴുതി.
ദേവീകുളത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി മറ്റാരുമല്ല സാക്ഷാല്‍ ”റോസമ്മ പുന്നൂസ്” ആയിരുന്നു.
കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ ക്രിസ്തീയ കുടുംബത്തില്‍ ജനിച്ച് കമ്യൂണിസത്തിന്റെ വഴി തിരഞ്ഞെടുത്ത റോസമ്മ. കോണ്‍ഗ്രസിനായി രംഗത്തിറങ്ങിയത് ബി കെ നായര്‍ ആയിരുന്നു.
സാക്ഷാല്‍ കാമരാജും ഇന്ദിരാഗാന്ധിയുമടക്കം പ്രധാന കോണ്‍ഗ്രസ് നേതാക്കള്‍ ബി കെ നായര്‍ക്കായി പ്രചരണത്തിനിറങ്ങിയപ്പോള്‍ തന്റെ മന്ത്രിസഭയിലെ ഒരൊറ്റ മന്ത്രിയെ പോലും പ്രചരണത്തിനയക്കില്ലെന്ന തീരുമാനത്തിലായിരുന്നു ഇ.എം.എസ്.
റോസമ്മ പുന്നൂസിന്റെ ഇലക്ഷന് സെക്രട്ടറി വി.എസ്. അച്ചുതാനന്ദനായിരുന്നു. എ കെ ജി യുടെ നിര്‍ദ്ദേശപ്രകാരം ദേവീകുളത്ത് പ്രവര്‍ത്തിച്ചിരുന്ന വി എസിന് അവിടത്തെ ഭൂമിശാസ്ത്രം മനപാഠമായിരുന്നു. തമിഴ് വോട്ടര്‍മാര്‍ ഏറെയുള്ള ദേവീകുളത്ത് പ്രചരണത്തിനായി എംജിആറിനെ സാക്ഷാല്‍ എം ജി രാമചന്ദ്രനെ കൊണ്ടുവരാന്‍ വി എസിനായി. മൂന്നാറില്‍ സിനിമാ ഷൂട്ടിങ്ങിന് വന്ന എംജിആര്‍ അങ്ങനെ സിപിഐക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങി.
മറ്റൊരു രസകരമായ വസ്തുത കൂടെയുണ്ട്. അന്ന് റോസമ്മ പുന്നൂസിന്റെ പ്രചരണ വേദികളില്‍ തമിഴ് പാട്ടുകള്‍ പാടി നടന്ന ഒരു പതിനാലുകാരന് ഉണ്ട് ഡാനിയേല്‍ രാസയ്യ. അത് മറ്റാരുമല്ല നമ്മുടെ ”ഇളയരാജ” തന്നെ.
പള്ളി, റോസമ്മ പുന്നൂസിനെ സഭയില്‍ നിന്നും പുറത്താക്കി. റോസമ്മയെ തോല്‍പ്പിക്കാന്‍ മാത്രമല്ല കേരളത്തില്‍ നിന്നും കെട്ടുകെട്ടിക്കാനും തിട്ടൂരമിറക്കി. കമ്യൂണിസ്റ്റുകാര്‍ ഒരു വശത്തും , മറ്റെല്ലാ സംഘടനകളും മറുവശത്തും എന്ന സ്ഥിതി വന്നു. 1958 മേയ് മാസം എല്ലാ കണ്ണുകളും ദേവീകുളത്തേക്ക്.
ഇലക്ഷന് റിസള്‍ട്ട് വന്നു…!
ദേവീകുളം ഇന്ത്യയെ ഞെട്ടിച്ചു കളഞ്ഞു…!
സിപിഐ സ്ഥാനാര്‍ത്ഥി റോസമ്മ പുന്നൂസ് 7,089 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബി കെ നായരെ തോല്‍പ്പിച്ചിരിക്കുന്നു.
ദേവീകുളം ഉപതെരഞ്ഞെടുപ്പിലെ തോല്‍വി അപ്രതീക്ഷിതം എന്ന് കെ പി സി സി പ്രസിഡന്റ് കെ.എ ദാമോദരമേനോന്‍ പത്രക്കുറിപ്പിറക്കി. കമ്യൂണിസ്റ്റ് ഗവണ്മെന്റിനെ ഏത് വിധേനയും താഴെയിറക്കാനുള്ള തീരുമാനത്തില്‍ എതിരാളികള്‍ എത്തിച്ചേര്‍ന്നു.
1959 ല്‍ ഇ എം എസ് ഗവണ്മെന്റിനെ കേന്ദ്രം താഴെയിറക്കി. 1960 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ലീഗ് പള്ളി എന്‍ എസ് എ സ് മഹാസഖ്യത്തോട് ഇടത്പക്ഷം തോറ്റെങ്കിലും വോട്ട് ശതമാനം കുത്തനെ ഉയര്‍ന്നു! 1957 ല്‍ ഇടത് പക്ഷത്തിന് ലഭിച്ച 34% ഒടുവില്‍ 1960 ആകുന്പോള്‍ 40% ന് അടുത്തെത്തി.
ഇതിവിടെ പറയാന്‍ കാരണം വയനാട് ജില്ലയേത് വയനാട് ലോകസഭാ മണ്ഡലമേത് എന്ന് ഇനിയും തീര്‍ച്ചയില്ലാത്ത ഡല്‍ഹിയിലെ ചില ദേശീയ മാധ്യമങ്ങള്‍ അവരുടെ പിന്മുറക്കാര് 1958ല്‍ ചെയ്ത തെറ്റായ അനാലിസിസ് ഇന്ന് വയനാട്ടിലും തുടരുന്നത് കാണുന്നു.
ഓര്‍ക്കേണ്ട രണ്ട് കാര്യങ്ങള്‍ ഉണ്ട് വയനാട് ഹൈ പ്രൊഫെല്‍ കാറ്റഗറിയില്‍ വരേണ്ട ഷുവര്‍ സീറ്റ് ഗണത്തില്‍ പെടുന്ന ഒന്നല്ല, മാത്രമല്ല കമ്യുണിസ്റ്റുകാരോളം വെല്ലുവിളികള്‍ സ്വീകരിക്കുന്ന മറ്റൊരു കൂട്ടര് ഇന്നാട്ടില് ഇല്ല.
അപ്പൊ വാടാ പാക്കലാം..!