ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന പിഎം മോദി എന്ന ചലച്ചിത്രത്തിനും നമോ ടിവിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. തെരഞ്ഞെടുപ്പു കഴിയും വരെ ചിത്രം പ്രദർശിപ്പിക്കരുതെന്നാണ് കമ്മീഷന്റെ നിർദേശം. ഇതേ വിലക്ക് നമോ ടിവിക്കും ബാധകമാണ്. 24 മണിക്കൂറും നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും പ്രചാരണ പരിപാടികളും പ്രഭാഷണങ്ങളും മാത്രം സംപ്രേഷണം ചെയ്യുന്ന സ്വകാര്യ ടിവി ചാനലാണു നമോ ടിവി. ഇതിലൂടെയും മോദിയുടെ ജീവചരിത്ര സിനിമ പ്രദർശിപ്പിക്കുന്നതിനാണു വിലക്ക്.
സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടു നൽകിയിരുന്ന ഹർജികൾ കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. കേസിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി സിനിമ പ്രദർശിപ്പിക്കുന്നത് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണോ എന്നത് തെരഞ്ഞെടുപ്പു കമ്മീഷനാണു പരിഗണിക്കേണ്ടത് എന്നാണു പറഞ്ഞത്.
പിഎം മോദി ഇന്നു റിലീസ് ചെയ്യാനായിരുന്നു നിർമാതാക്കളുടെ തീരുമാനം. നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര വരെയുള്ള ജീവിതമാണ് സിനിമയിൽ വിവരിക്കുന്നത്. ഗുജറാത്ത്, ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളിലാണ് പിഎം മോദിയുടെ ചിത്രീകരണം നടന്നത്. മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതൽ 2014ലെ തെരഞ്ഞെടുപ്പു വിജയം വരെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് സിനിമയുടെ അണിയറ ശിൽപികളും പറയുന്നത്.
തെരഞ്ഞെടുപ്പ് ആരംഭിക്കും മുൻപായി സിനിമ തിയറ്ററുകളിൽ എത്തിക്കാനായിരുന്നു അണിയറ പ്രവർത്തകരുടെ നീക്കം. വിവേക് ഒബ്റോയി മോദിയായെത്തുന്ന ചിത്രത്തിൽ ബോമൻ ഇറാനി, മനോജ് ജോഷ്, സറീന വഹാബ്, ബർഖ ബിഷ്ട്, ദർശൻ റവാൽ, അക്ഷദ് ആർ സലൂജ, സുരേഷ് ഒബ്റോയ്, അഞ്ചൻ ശ്രീവാസ്തവ്, രാജേന്ദ്ര ഗുപ്ത, യതിൻ കാര്യേക്കർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ ജീവിതകഥ പറയുന്ന ഉദ്യമ സിംഹ, ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി എൻ.ടി. രാമറാവുവിന്റെ കഥ പറയുന്ന ലക്ഷ്മിയുടെ എൻടിആർ എന്നീ സിനിമകളും വോട്ടെടുപ്പു കഴിയുംവരെ പ്രദർശിപ്പിക്കുന്നതു കമ്മീഷൻ വിലക്കി.