നെടുമങ്ങാട് : തെരഞ്ഞെടുപ്പുകൾ ഏതു നടന്നാലും നെടുമങ്ങാട് പരിയാരത്ത് വർഷങ്ങളായി പ്രചാരണങ്ങളില്ല. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും നെടുമങ്ങാട് പരിയാരത്ത് ഒരു രാഷ്ട്രീയ പാർട്ടിയുടെയും കൊടിതോരണങ്ങളോ ബോര്‍ഡുകളോ പരസ്യവാഹനങ്ങളുടെ കൊട്ടിഘോഷമോ ഇല്ല. ഈ പതിവ് തുടങ്ങിയിട്ട് ഇത് 34 വര്‍ഷം.
നെടുമങ്ങാട് വട്ടപ്പാറ റോഡില്‍ യാത്രചെയ്യുന്ന ഏതൊരാളും പരിയാരം ജംഗ്ഷനിലെത്തുമ്പോള്‍ ഈ ഗ്രാമം കേരളത്തില്‍ തന്നെയാണോ എന്ന് ഒന്നു സംശയിച്ചുപോകും. കാരണം ഒറ്റ ചുവരുകളിലും സ്ഥാനാര്‍ഥിയുടെ ചിത്രങ്ങളോ, ചുവരെഴുത്തുകളോ കാണാനില്ല. സ്ഥാനാര്‍ഥിമാരുടെ പുഞ്ചിരിപൊഴിക്കുന്ന പരസ്യ ബോര്‍ഡുകളില്ല.
പരിയാരം മുതല്‍ മുളവൂര്‍ക്കോണം വരെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരം ജനം തെരഞ്ഞെടുപ്പ് പ്രചരണം വേണ്ടന്ന് തീരുമാനിച്ചിട്ട് മൂന്നര പതിറ്റാണ്ട് കഴിയുന്നു.മുപ്പത്തിനാല് വര്‍ഷം മുമ്പുനടന്ന ഒരു തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ കുത്തൊഴുക്കായിരുന്നു പരിയാരം ജംഗ്ഷനില്‍. ചുവരുകളെല്ലാം പലനിറത്തിലെ എഴുത്തുകള്‍.
മരങ്ങളിലും വീടിന്റെ മുകളില്‍ വരെ ബോർഡുകള്‍, രാപ്പകലില്ലാതെ പരസ്യവാഹനങ്ങള്‍. ഒടുവില്‍ അത് സംഭവിച്ചു. പരസ്യബോഡുകള്‍ വയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം രഷ്ട്രീയസംഘട്ടനത്തിലാണ് അവസാനിച്ചത്. രണ്ട് രാഷ്ട്രീയ പാര്‍ട്ടികളിലായി പത്തിലധികം പേര്‍ക്ക് അന്ന് ഗുരുതരമായി പരിക്കേറ്റു. പലരും മാസങ്ങളോളും ആശുപത്രിക്കിടക്കയിലായി. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നാട്ടുകാര്‍ ഒരുമിച്ചു.
പ്രശ്നം ചര്‍ച്ച ചെയ്തു. ഇതെല്ലാം എന്തിനു വേണ്ടിയായിരുന്നൂ എന്ന തിരിച്ചറിവില്‍ ഈ നാട് കൂട്ടായൊരു തീരുമാനമെടുത്തു. ഇനി പരിയാരത്ത് ഒരു രാഷ്ട്രീയ സംഘട്ടനമുണ്ടാകരുത്. അന്ന് പഴയതലമുറയെടുത്ത ഉറച്ച തീരുമാനത്തിനെ മാറ്റിയെഴുതാന്‍ ന്യൂജെന്‍ പ്രവര്‍ത്തകരും തയാറല്ല. ഇന്നും മൂന്നു രാഷ്ട്രീയ കക്ഷികളും ഈ തീരുമാനം അംഗീകരിച്ചു വരുന്നു. സ്ഥാനാര്‍ഥിയുടെ സന്ദര്‍ശനം പോലും ഇവിടെ വലിയ ആഘോഷങ്ങളില്ലാതെയാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ ബഹിഷ്ക്കരിച്ചെങ്കിലും പരിയാരത്തുകാർ വോട്ടു ചെയ്യാൻ പോകാൻ മടി കാണിക്കാറില്ല