തിരുവനന്തപുരം: വ്യക്തി വൈരാഗ്യത്തെത്തുടർന്ന് യുവാവിനെ ആശുപത്രിക്കകത്ത് കയറി കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ സഹോദരൻമാർ അറസ്റ്റിൽ. വർക്കല പുന്നമൂട് സ്വദേശികളായ സജിപ്രകാശ്, രാജീവ് പ്രകാശ് എന്നിവരെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്.
പുന്നമൂട് സ്വദേശിയായ ബിനീഷ് (30) നെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. ബിനിഷിനെ ഇരുവരും നേരത്തെ മർദ്ദിച്ചിരുന്നു. ഇതേത്തുടർന്ന് ബിനീഷ് വർക്കല താലൂക്കാശുപത്രിയിൽ ചികിത്സ തേടി എത്തിയപ്പോഴാണ് ഇന്നലെ വൈകുന്നേരം ആശുപത്രിക്കകത്ത് വച്ച് ഇരുവരും ചേർന്ന് കുത്തിപ്പരിക്കേൽപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
ബിനീഷിന്റെ ശരീരത്തിൽ പതിമൂന്ന് കുത്തുകളേറ്റെന്ന് പോലീസ് പറഞ്ഞു. ബിനീഷിന്റെ നില ഗുരുതരമാണ്.