കൽപ്പറ്റ: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷ വിമർശനം. വയനാടിനെതിരായ അമിത് ഷായുടെ പരാമർശം വർഗീയ വിഷം തുപ്പുന്നതാണെന്ന് പിണറായി വിജയൻ പറഞ്ഞു.
അമിത് ഷാ വയനാടിനെ അപമാനിച്ചു. വയനാടിന്റെ ചരിത്രം അമിത് ഷായ്ക്ക് അറിയില്ല. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്താലെ ചരിത്രം മനസിലാകൂ എന്നും പിറണായി പറഞ്ഞു. കൽപ്പറ്റയിൽ എൽഡിഎഫ് സ്ഥാനാർഥി പി.പി. സുനീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോണ്‍ഗ്രസിന്റേത് വർഗീയതയോട് സമരസപ്പെടുന്ന നിലപാടാണെന്നും മത നിരപേക്ഷതയും വർഗീയതയും ഒരുമിച്ചു പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ആസിയൻ കരാറിന് വയനാട്ടിലെ ജനങ്ങളോട് കോണ്‍ഗ്രസ് മറുപടി പറയുമോ എന്നും പിണറായി ചോദിച്ചു.മഹാരാഷ്ട്രയിലെ കർഷക സമരത്തെ വെടിവയ്പിലൂടെയാണ് ബിജെപി സർക്കാർ നേരിട്ടതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സഖ്യകക്ഷികൾക്കു വേണ്ടി രാഹുൽ ബാബ കേരളത്തിലേക്കു പോയി. എഴുന്നള്ളിപ്പു കാണുന്പോൾ ഇത് ഇന്ത്യയിലാണോ പാക്കിസ്ഥാനിലാണോ എന്നു തിരിച്ചറിയാൻ കഴിയുന്നില്ല. എന്തിനാണ് അങ്ങനെ ഒരു സീറ്റിലേക്ക് അദ്ദേഹം പോയതെന്ന് മനസിലാക്കാൻ കഴിയുന്നില്ലെന്നുമായിരുന്നു അമിത് ഷായുടെ പ്രതികരണം.