ചെങ്ങാലൂർ (പുതുക്കാട്): ചെങ്ങാലൂർ കുട്ടാടം പാടത്ത് തണ്ണീർത്തടം നികത്താനുള്ള ശ്രമം തടഞ്ഞ പുതുക്കാട് പഞ്ചായത്തംഗത്തെ ടിപ്പർ കയറ്റി കൊലപ്പെടുത്താൻ ശ്രമം. ഇന്നുരാവിലെ എട്ടുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. രാവിലെ ആറുമണിയോടെയാണ് ടിപ്പറുകളിൽ മണ്ണുമായി തണ്ണീർത്തടം നികത്താൻ സംഘം എത്തിയത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പഞ്ചായത്തംഗം തോബി തോട്ടിയാൻ സ്ഥലത്തെത്തുകയും വാഹനങ്ങൾ തടയുകയുമായിരുന്നു. വാഹനം തടഞ്ഞപ്പോൾ ടിപ്പർ ഡ്രൈവർ തോബിയെ ഇടിക്കാൻ ശ്രമിച്ചെങ്കിലും ചാടി രക്ഷപ്പെട്ടതുകൊണ്ട് ജീവൻ രക്ഷിക്കാനായി. ഇതിനിടെ മണ്ണു കയറ്റിയ ടിപ്പറുമായി ഡ്രൈവർ കടന്നുകളയുകയായിരുന്നു.
വിവരമറിയിച്ചതിനെ തുടർന്ന് പുതുക്കാട് പോലീസ് സ്ഥലത്തെത്തിയെങ്കിലും ടിപ്പറെയും, ഡ്രൈവറെയും കണ്ടെത്താനായില്ല. തോബിയുടെ പരാതിയെ തുടർന്ന് ചെങ്ങാലൂർ വില്ലേജ് ഓഫീസർ വിനോദ് സ്ഥലത്തെത്തി തണ്ണീർ തടം നികത്തുന്നതിന് സ്റ്റോപ്പ മെമ്മോ നൽകി.
ഉത്തരവ് ഏറ്റുവാങ്ങാൻ ആളില്ലാത്തതിനാൽ സ്ഥലത്ത് ഉത്തരവിന്റെ കോപ്പി പതിച്ചു. പുതുക്കാട് പഞ്ചായത്ത് അംഗം ബേബി കീടായിലും പോലീസും സ്ഥലം സന്ദർശിച്ചു. തന്നെ അപായപ്പെടുത്താൻ ശ്രമിച്ച ഡ്രൈവർക്കെതിരെ തോബി തോട്ടിയാൻ പുതുക്കാട് പോലീസിൽ പരാതി നൽകി.