കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി രാഷ്ട്രീയപാര്‍ട്ടികള്‍ പ്രചാരണ ജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുമ്പോള്‍ ഗതാഗതതടസമുണ്ടാക്കരുതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലി അറിയിച്ചു.
പൊതുയോഗങ്ങളും ജാഥകളും സംഘടിപ്പിക്കുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ സ്ഥലത്തെ പോലീസ് അധികാരികളില്‍നിന്ന് അനുമതി വാങ്ങണം. യോഗം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഏതെങ്കിലും നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ പ്രാബല്യത്തിലുണ്ടെങ്കില്‍ അത്തരം ഉത്തരവുകള്‍ കര്‍ശനമായി പാലിക്കണം.
പൊതുയോഗങ്ങള്‍ അലങ്കോലപ്പെടുത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ സംഘാടകര്‍ പോലീസിന്റെ സഹായം തേടണം. പ്രചാരണ ജാഥകള്‍ തുടങ്ങുന്നത് മുന്‍പേതന്നെ ജാഥകള്‍ തുടങ്ങുന്ന സമയവും സ്ഥലവും പോകേണ്ടവഴിയും ജാഥ അവസാനിക്കുന്ന സ്ഥലവും സമയവും മുന്‍കൂട്ടി അധികൃതര്‍ക്ക് നല്‍കണം. ജാഥകള്‍ ഗതാഗതതടസമുണ്ടാകാതിരിക്കാന് സംഘാടകര്‍ ശ്രദ്ധിക്കണം.
ദൈര്‍ഘ്യമേറിയ ജാഥകളാണെങ്കില് സൗകര്യപ്രദമായ പോയിന്റുകളില്‍ ഗതാഗതം അനുവദിക്കണം. ജാഥകള്‍ പരമാവധി റോഡിന്റെ വലതുവശത്തുവരത്തക്കവണ്ണം ക്രമീകരിക്കണം. രണ്ടോ അതിലധികമോ രാഷ്ട്രീയപാര്‍ട്ടികളുടെ ജാഥകള്‍ ഒരേസമയം ഒരേവഴിയിലൂടെ വരികയാണെങ്കില്‍ ജാഥകള്‍ തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാനും ഗതാഗതതടസം ഇല്ലാതാക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെ കോലങ്ങള്‍ കത്തിക്കുന്നതുപോലെയുള്ള തീവ്രപ്രതികരങ്ങള് പാടില്ല. എതിര്‍പാര്‍ട്ടികളുടെ യോഗസ്ഥലങ്ങളിലെത്തി ലഘുലേഖകളും നോട്ടീസുകളും മറ്റും വിതരണം ചെയ്യുന്നതും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതും നിയമവിരുദ്ധമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ചിട്ടുണ്ട്.