മണ്ണാർക്കാട്: താലൂക്കിന്റെ കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിൽ സ്ഥിതിചെയ്യുന്ന പാറമടക്കയങ്ങൾ അപകടഭീഷണിയാകുന്നതായി പരാതി. വർഷങ്ങൾക്കുമുന്‍പ് പാറ പൊട്ടിച്ചെടുത്തതിനെ തുടർന്നുണ്ടായതാണ് ഈ വൻകുഴികൾ. വേനൽക്കാലമായതോടെ താലൂക്കിൽ പുഴകളിലും തോടുകളിലും ഒഴുക്കുനിലച്ചുതോടെ കുടിവെള്ളക്ഷാമവും രൂക്ഷമാണ്.
ഈ സാഹചര്യത്തിൽ പാറമടക്കയങ്ങളിലെ വെള്ളം ഉപയോഗിക്കേണ്ട സ്ഥിതിയാണ്. നിലവിൽ മിക്കവരും കുളിക്കുന്നതിനും മറ്റും ഇവയെയാണ് ആശ്രയിക്കുന്നത്. വെള്ളം നിറഞ്ഞുകിടക്കുന്ന ഇത്തരം പാറമട കുളങ്ങളിലേക്ക് നിരവധിപേരാണ് കുളിക്കാനും തുണികഴുകുന്നതിനുമായി എത്തുന്നത്.
മുൻകാലങ്ങളിൽ ഇത്തരം പാറമടക്കയങ്ങളിൽ ഉണ്ടായ അപകടങ്ങളിൽ മരണങ്ങളുമുണ്ടായിട്ടുണ്ട്. അലനല്ലൂർ, വെട്ടത്തൂർ, തച്ചനാട്ടുകര, നാട്ടുകൽ, കരിങ്കല്ലത്താണി എന്നിവിടങ്ങളിൽ ഇത്തരം കുളങ്ങൾ ഏറെയാണ്.
കഴിഞ്ഞദിവസം കോട്ടോപ്പാടം മംഗലത്ത് സ്കൂൾ വിദ്യാർഥി കുളിക്കാനിറങ്ങുന്നതിനിടെ കാൽവഴുതി വീണ് മരണമടഞ്ഞിരുന്നു. കടന്പഴിപ്പുറം, കാരാകുറിശി എന്നിവിടങ്ങളിലും പാറമട കുളങ്ങൾ ഏറെയാണ്. ഇവിടങ്ങളിൽ മുന്നറിയിപ്പു ബോർഡുകളോ നിർദേശങ്ങളോ പ്രദർശിപ്പിക്കാത്തതിനാൽ അപകട സാധ്യതയും ഏറെയാണ്.
പാറമടകളിൽ വെള്ളം കെട്ടിനില്‍ക്കുന്നതിനാൽ ഇതിന്റെ ആഴവും വ്യാപ്തിയും ആർക്കും അറിയില്ല. വേനൽക്കാലവും സ്കൂൾ അവധിയുമായതോടെ പാറമടക്കയങ്ങളിൽ വിദ്യാർഥികൾ കുളിക്കാനെത്തുന്നത് പതിവാണ്. ഓരോ പ്രദേശത്തെയും പാറമടക്കയങ്ങൾ പ്രദേശത്തുകാരിൽ ഭീതി പരത്തുകയാണ്.