കൊച്ചി: ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിലെ ക്വട്ടേഷൻ 30,000 രൂപയ്ക്ക്. കേസിൽ അറസ്റ്റിലായ ബിലാലിനും വിപിനുമായാണ് പണം നൽകിയത്. കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ കാസർഗോട്ടെ സംഘമാണ് ക്വട്ടേഷന് പണം നൽകിയത്.
എറണാകുളം സ്വദേശികളായ ബിലാലിനെയും വിപിനെയും വ്യാഴാഴ്ചയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തത്. ഇവരാണ് വെടിയുതിർത്തതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ഇവർക്കെതിരെ മുൻപും കേസുകളുണ്ടായിരുന്നു.
കൃത്യത്തിന് ഉപയോഗിച്ച തോക്കും ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തു. കൊല്ലം അഞ്ചൽ സ്വദേശിയായ ഡോക്ടർക്കും കൃത്യത്തിൽ പങ്കുണ്ടെന്നാണ് സൂചന.
രണ്ടുമാസം മുന്പാണ് നടി ലീന മരിയ പോളിന്റെ പനന്പള്ളി നഗറിലെ ബ്യൂട്ടി പാർലർ ആക്രമിച്ചത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം ഡോക്ടറുടെ സ്വന്തം വീട്ടിലും കാഞ്ഞങ്ങാട്ടുള്ള ഭാര്യ വീട്ടിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു.