പെരുന്പാവൂർ: നഗര മധ്യത്തിൽ വെജിറ്റബിൾ മാർക്കറ്റിന് സമീപം ചിന്താമണി റോഡിൽ വീട് വാടകയ്ക്ക് എടുത്ത് അനാശാസ്യം നടത്തിയ കേസിൽ അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. അനാശാസ്യത്തിൽ ഏർപ്പെട്ടിരുന്ന നാല് പുരുഷന്മാരേയും മൂന്ന് സ്ത്രീകളേയും നടത്തിപ്പുകാരനേയുമാണ് 10ന് വൈകിട്ട് 03.30ന് അറസ്റ്റു ചെയ്തത്. പെരുന്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്. പ്രതികൾക്ക് ജാമ്യം ലഭിച്ചു.
അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരൻ മാണിക്യമംഗലം തോട്ടകം ഭാഗം പാലക്കാപറന്പിൽ ശ്യാംകുമാർ -41, അനാശാസ്യ പ്രവർത്തിയിൽ ഏർപ്പെട്ടിരുന്ന കൈപ്പട്ടൂർ കാച്ചപ്പിള്ളി ജോയ്സൺ-49, തൊടാപറന്പ് പുത്തൻപുരയ്ക്കൽ അനിൽകുമാർ-24, മൂക്കന്നൂർ വട്ടേക്കാട്ടുകര കിഴക്കെത്തറ രജീഷ്-29, മൂക്കന്നൂർ വട്ടേക്കാട്ടുകര പൈനാടത്ത് എൽദോ മത്തായി-23 എന്നീ പുരുഷന്മാരേയും കൊരട്ടി മംഗലശേരി തെരുവിൽത്താഴത്ത് പ്രിയ-39, ആലങ്ങാട് കോട്ടപ്പുറം മനയ്ക്കപറന്പ് റഷീദ -52, കീഴ്മാട് അയ്യൻകുഴി പുത്തൻപുരയ്ക്കൽ സ്മിഷ-24 എന്നീ സ്ത്രീകളെയുമാണ് അറസ്റ്റ് ചെയ്തത്.
ഒരു മാസം മുന്പാണ് ശ്യാംകുമാർ വീട് വാടകയ്ക്ക് എടുത്തത്. ടൈൽ ബിസിനസാണെന്നാണ് ശ്യാംകുമാർ അയൽവാസികളോട് പറഞ്ഞിരുന്നത്.ധാരാളം ചെറുപ്പക്കാർ വീട്ടിൽ വന്നുപോകുന്നത് കണ്ട് അയൽവാസികൾക്ക് സംശയം തോന്നിയിരുന്നു. ഫോൺ വിളിച്ചും ഏജന്റിനെ വച്ചും ശ്യാംകുമാർ ആളുകളെ അനാശാസ്യ കേന്ദ്രത്തിൽ എത്തിച്ചിരുന്നു. വരുന്നവർക്ക് വീട് തിരിച്ചറിയാനായി ടൈൽ മതിലിന് മുകളിൽ പ്രദർശിപ്പിച്ച് വച്ചിരുന്നു.
പെരുന്പാവൂർ സിഐ കെ. സുമേഷിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് എസ്ഐ ലൈസാദ് മുഹമ്മദ്, എഎസ്ഐ രാജേന്ദ്രൻ, സീനിയർ സിപിഒ രാജീവ്, സിപിഒ ഷർനാസ്, പ്രീജിത്ത്, സുബൈർ, സുധീഷ്, അരുൺ, വനിത പോലീസ് ഉദ്യോഗസ്ഥ ധന്യ മുരളി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.