മൂന്നാംവട്ടം തിരുവനന്തപുരത്തു നിന്നും പാര്‍ലമെന്റിലെത്താനുള്ള ശശി തരൂരിന്റെ മോഹങ്ങള്‍ പാര്‍ട്ടിക്കുള്ളിലെ നീക്കങ്ങള്‍ മൂലം തകരുമോ? തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ തലസ്ഥാനത്തു നിന്നുള്ള ചിത്രം കോണ്‍ഗ്രസിനും ശശി തരൂരിനും അത്ര ശുഭകരമല്ല. നേതാക്കള്‍ സഹകരിക്കുന്നില്ലെന്ന് ശശി തരൂര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി നല്‍കിയതോടെ പാര്‍ട്ടിക്കുള്ളിലെ പോരും പുറത്തായി.
കോണ്‍ഗ്രസ് ക്യാംപിലെ ചേരിപ്പോര് ഗുണമായിരിക്കുന്നത് എല്‍ഡിഎഫിനാണ്. സി. ദിവാകരനുവേണ്ടി അടിത്തട്ടില്‍ ഊര്‍ജ്ജസ്വലമായി കരുക്കള്‍ നീക്കുകയാണ് സിപിഎം നേതാക്കള്‍. മുക്കിലും മൂലയിലുമെത്തി മൊത്തത്തിലൊരു ആവേശമുണ്ടാക്കാന്‍ എല്‍ഡിഎഫിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞതവണ പൈസ വാങ്ങി വോട്ടു മറിച്ചെന്ന ആരോപണക്കറ മായ്ക്കാനുള്ള ശ്രമങ്ങളും പാര്‍ട്ടി നടത്തുന്നുണ്ട്.
തലസ്ഥാനത്ത് ശശി തരൂരിന് വേണ്ടത്ര പിന്തുണ പാര്‍ട്ടിയില്‍ നിന്ന് ലഭിക്കുന്നില്ലെന്ന പരാതി പുറത്തായത് കോണ്‍ഗ്രസിന് തിരിച്ചടിയായിട്ടുണ്ട്. ബിജെപി ഭീഷണിയായ വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം നിയമസഭാ മണ്ഡലങ്ങളിലൊന്നും തന്നെ തരൂരിന് വേണ്ടി വേണ്ടത്ര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് മാത്രമല്ല, ഇത് ഏകോപിപ്പിക്കാന്‍ പോലും ആരുമില്ലാത്ത സ്ഥിതിയാണ്.
ഈ മണ്ഡലങ്ങളില്‍ ആദ്യവട്ട നോട്ടീസ് വിതരണം പോലും പൂര്‍ത്തിയായിട്ടുമില്ല. പ്രചാരണത്തിലെ നിസഹകരണം ചൂണ്ടിക്കാട്ടി ഡിസിസി സെക്രട്ടറി തമ്പാനൂര്‍ സതീഷ് രംഗത്തുവന്നതോടെയാണ് വിഷയം പരസ്യമായിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇതേതരത്തിലുള്ള നീക്കം ചെറിയരീതിയിലെങ്കിലും ഈ മണ്ഡലത്തില്‍ നടന്നിരുന്നു. എന്നാല്‍ അന്ന് വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരന്റെ സാന്നിധ്യം ഒരുവിധം തരൂരിന് സഹായകവുമായി. ഇക്കുറി ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുരളിയുമില്ല.