തൃശൂർ: എൻഡിഎ സ്ഥാനാർഥി സുരേഷ്ഗോപിയുടെ രഥത്തിൽ പോലീസ് ജീപ്പിടിച്ച് വാഹനം തകർന്നു. ഇന്നു പുലർച്ചെയോടെ ഒല്ലൂരിലാണ് സംഭവം. അമിതവേഗത്തിലെത്തിയ പോലീസ് ജീപ്പ് രഥത്തിലിടിക്കുകയായിരുന്നുവെന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്. രഥത്തിനു കേടുപാടുകൾ സംഭവിച്ചതിനെതുടർന്ന് സുരേഷ് ഗോപി തുറന്ന ജീപ്പിലാണ് പ്രചരണം നടത്തുന്നത്. ഉച്ചയോടെ രഥത്തിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് എത്തുമെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.
എന്നാൽ, ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് ഒല്ലൂർ പോലീസ് പറയുന്നത്. സംഭവം ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതത്രേ. ഇടിച്ച വാഹനങ്ങൾ ഒല്ലൂരിലുള്ളവർ കണ്ടെങ്കിലും അങ്ങനെയൊരു അപകടമേ ഉണ്ടായിട്ടില്ലെന്നാണ് പോലീസിന്റെ ഭാഷ്യം.
പോലീസ് ജീപ്പിടിച്ചതിനാലാണ് പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നതത്രേ. ഇന്നലെ ഇരിങ്ങാലക്കുട ഭാഗത്തു പര്യടനം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സുരേഷ് ഗോപി രഥത്തിലുണ്ടായിരുന്നില്ല. രഥമില്ലാത്തതിനാൽ തുറന്ന ജീപ്പിൽ കുട പിടിച്ചാണ് സുരേഷ്ഗോപിയുടെ പര്യടനം. ഗുരുവായൂർ മണ്ഡലത്തിലാണ് പര്യടനം നടത്തിക്കൊണ്ടിരിക്കുന്നത്.