പ്രണയം ലോകത്തിലെ ഏറ്റവും തീവ്രമായ വികാരമാണെന്നാണ് ഒട്ടുമിക്ക ആളുകളും പറയുന്നത്. പ്രാണനെപ്പോലെ പരസ്പരം സ്നേഹിച്ചവര്‍ വേര്‍പിരിയുന്ന അവസ്ഥ പ്രാണന് പോകുന്നതിനു തുല്യമാണെന്ന് ആ വികാരം അനുഭവിച്ച കമിതാക്കള്‍ ഒന്നടങ്കം പറയും. ഇരുപതുകളില്‍ നഷ്ടപ്പെട്ട പ്രണയം എണ്‍പതുകളില്‍ തിരികെപ്പിടിച്ച അന്നയുടെയും ബോറിസിന്റെയും കഥ ഇന്ന് ലോകം കേള്‍ക്കുകയാണ്…തങ്ങളുടെ ജീവിതത്തിലൂടെ പ്രണയത്തിന്റെ അനശ്വര ലോകത്തിനു മുമ്പില്‍ തെളിയിക്കുകയായിരുന്നു ബോറിസും അന്നയും.
അന്ന്, സൈബീരിയയിലെ തന്റെ ജന്മനാട്ടില്, തന്റെ പഴയ വീടിന്റെ മുറ്റത്ത് നില്‍ക്കുകയായിരുന്നു അന്ന.. അപ്പോഴാണ് അവര്‍ ആ കാഴ്ച കാണുന്നത്. ഒരിക്കലും വിശ്വസിക്കാനാകാത്ത ഒരു കാഴ്ചയായിരുന്നു അദ്യം അവര്‍ കരുതിയത് തന്റെ കണ്ണുകള്‍ തന്നെ പറ്റിക്കുകയാണ് എന്നാണ്. അത് ആയാളായിരുന്നു, ബോറിസ്.. അറുപത് വര്‍ഷം മുമ്പ് താന്‍ പ്രണയിച്ചിരുന്ന മനുഷ്യന്.. വിവാഹം ചെയ്ത മനുഷ്യന്.. ബോറിസിനെ അന്ന അവസാനമായി കണ്ടത് അവരുടെ വിവാഹം കഴിഞ്ഞതിന്റെ മൂന്നാമത്തെ ദിവസമാണ്. അന്ന് അന്ന അയാളെ ചുംബിച്ചു, റെഡ് ആര്‍മി യൂണിറ്റില്‍ വീണ്ടും ചേരുന്നതിനായി കണ്ണീരോടെ അദ്ദേഹത്തെ യാത്രയാക്കി.
ബോറിസ് തിരികെ വരുമ്പോഴേക്കും അന്ന അവിടെ നിന്നും പോയിരുന്നു. സ്റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന റഷ്യന്‍ പോളിറ്റ് ബ്യൂറോ യോഗം ചെച്ചന്ഇങ്കുഷ് പ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള തീരുമാനമെടുക്കുകയും അതിന്റെ ഭാഗമായി ചെച്ചന്‍ ജനത കൂട്ടമായി വേട്ടയാടപ്പെടുകയുമായിരുന്നു. സ്വന്തം വീടുകളില്‍ നിന്നും, ഗ്രാമങ്ങളില്‍ നിന്നും, രാജ്യത്തുനിന്നുമെല്ലാം അവര്‍ നാടുകടത്തപ്പെട്ടു. അതുമായി ബന്ധപ്പെട്ടായിരുന്നു അന്നയുടെയും കുടുംബത്തിന്റെയും നാടുവിടലും. തന്റെ പ്രിയതമയെ ബോറിസ് പലയിടത്തും തിരക്കിയെങ്കിലും അവളെ കണ്ടെത്താനായില്ല.
കാലങ്ങള്‍ അങ്ങനെ കഴിഞ്ഞുപോയപ്പോഴും അവര്‍ പരസ്പരം തേടിക്കൊണ്ടിരുന്നു. അരനൂറ്റാണ്ടിനിപ്പുറം അവര്‍ ഒന്നു ചേര്‍ന്നതും വല്ലാത്തൊരു യാദൃശ്ചികതയായിരുന്നു.ഒരേ ദിവസം അവര്‍ രണ്ടുപേരും തങ്ങളുടെ ജന്മനാട്ടിലേക്ക് തിരികെയെത്തുന്നതിനെ പിന്നെ എങ്ങനെ വിശേഷിപ്പിക്കാന്‍.’ഞാന്‍ കരുതിയത് എന്റെ കണ്ണുകള്‍ എന്നെ കളിപ്പിക്കുകയാണ് എന്നാണ്’ അന്ന ഇതിനെ കുറിച്ച് പറയുന്നു. ‘ഞാന്‍ കാണുന്നത് വളരെയേറെ പരിചിതനായ ഒരാള്‍ എന്റെ അടുത്തേക്ക് വരുന്നതാണ്. അയാളുടെ കണ്ണുകള്‍ എന്റെ നേരേയായിരുന്നു. എന്റെ ഹൃദയം തുടിച്ചു. എനിക്ക് മനസ്സിലായി അത് അദ്ദേഹമാണ്. സന്തോഷം കൊണ്ട് ഞാന്‍ കരഞ്ഞുപോയി..’ അന്ന പറയുന്നു.
80 വയസ്സായ ബോറിസ് ത്്ന്റെ ജന്മനാട്ടിലേക്ക് തിരികെയെത്തിയത് മാതാപിതാക്കളുടെ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നതിനായിരുന്നു. കാറില്‍ നിന്നിറങ്ങുമ്പോഴാണ് അയാള്‍ അന്നയെ കാണുന്നത്. അന്ന അവളുടെ പഴയ വീടിന്റെ മുന്നില്‍ നില്‍ക്കുകയായിരുന്നു. ബോറിസിന്റെയും അന്നയുടേയും വിവാഹശേഷം വളരെ കുറച്ച് ദിവസങ്ങള്‍ അവരിരുവരും ഒരുമിച്ച് കഴിഞ്ഞിരുന്ന അതേ വീട്ടില്‍..
ബോറിസ് അന്നയുടെ അരികിലേക്ക് ഓടിച്ചെന്നു.. ‘എന്റെ പ്രിയപ്പെട്ടവളേ, എന്റെ ജീവിതമേ, എത്രയെത്ര കാലമായി ഞാന്‍ നിനക്കുവേണ്ടി കാത്തുകാത്തിരിക്കുന്നു, നിന്നെ അന്വേഷിക്കുന്നു..’ അയാളവളെ ചേര്‍ത്തുപിടിച്ചു.. ഇരുവരും കണ്ണീരണിഞ്ഞു. അറുപത് വര്‍ഷത്തെ വിരഹത്തിനുശേഷം അവര്‍ പരസ്പരം ചേര്‍ത്തുപിടിച്ചു..
അന്നു രാത്രി മുഴുവന്‍ അവര്‍ സംസാരിച്ചിരുന്നു. വിധി അവരോട് കാണിച്ച ക്രൂരതയെ കുറിച്ച്, പിരിയാനുണ്ടായ സാഹചര്യത്തെ കുറിച്ച്.. അവര്‍ ആദ്യമായി കാണുന്നത്, ബോറിസ് ‘യങ്ങ് കമ്മ്യൂണിസ്റ്റ്സി’ന്റെ സെക്രട്ടറി ആയിരിക്കുമ്പോഴാണ്. അന്നയുടെ ഗ്രാമത്തില്‍ ഒരു പ്രസംഗം നടത്തുകയായിരുന്നു ബോറിസ് അപ്പോള്‍..
ആ സമയം തന്റെ കൂട്ടുകാരികളോടൊത്ത് നില്‍ക്കുകയായിരുന്നു അന്ന. പക്ഷെ, ബോറിസിന്റെ കണ്ണുകള്‍ അവളില്‍ മാത്രമാണ് തറച്ചത്. വാക്കുകള്‍ക്കപ്പുറം സുന്ദരിയായിരുന്നു അന്ന. അവളുടെ പിതാവ്, സ്റ്റാലിനാല്‍ നാടുകടത്തപ്പെട്ട ഒരാളായിരുന്നു. അതൊന്നും തന്നെ ബോറിസിനെ ബാധിച്ചില്ല. ‘ഞാനെപ്പോഴും അവളെ സ്നേഹിച്ചു’ എന്നാണ് ബോറിസ് ഇതിനെ കുറിച്ച് പറയുന്നത്. ആ പ്രണയം പൂവിട്ടു, പൂത്തുലഞ്ഞു.. ബോറിസ് ആ വീടിന് മുന്നിലെത്തുമ്പോഴെല്ലാം അന്ന അവനായി ആ മുറ്റത്ത് കാത്തിരുന്നു.
അങ്ങനെ, 1946 ല്‍ അവര്‍ വിവാഹിതരായി. പെട്ടെന്നുള്ള ഒരു വിവാഹമായിരുന്നു അത്. യുദ്ധം നടക്കുന്ന കാലമായിരുന്നതിനാല്‍ തന്നെ മറ്റൊന്നും ചെയ്യാനുള്ള ആവതില്ലായിരുന്നു. വിവാഹം കഴിഞ്ഞ് മൂന്ന് ദിവസത്തിനു ശേഷം ബോറിസിന് തിരികെ പോകേണ്ടി വന്നു തന്റെ റെഡ് യൂണിറ്റിലേക്ക്. അവര്‍ വേര്‍പിരിയല്‍ ചുംബനം നല്കി. പക്ഷെ, ഒരിക്കലും കരുതിയിരുന്നില്ല, അത് നീണ്ട ഒരു വേര്‍പിരിയലിലേക്കുള്ള യാത്രയായിരിക്കും എന്ന്.
കുറച്ച് കാലത്തിനു ശേഷം അവളുടെ അച്ഛനെ പോലെ തന്നെ അന്നയും ആ നാടിന്റെ ശത്രുവാക്കപ്പെട്ടു. അവള്‍ക്കും അവിടെ നിന്ന് പലായനം ചെയ്യേണ്ടി വന്നു. അന്നയ്ക്ക് ആ നാടുപേക്ഷിച്ച് പോകാനാകുമായിരുന്നില്ല. കാരണം, തന്റെ പ്രിയപ്പെട്ടവന് തന്നെത്തേടി ഇവിടെയെത്തുമെന്ന് അവള്‍ക്കുറപ്പായിരുന്നു. നാടുകടക്കേണ്ടി വന്നാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് തന്നെ അന്ന പറഞ്ഞു. കാരണം, അവള്‍ക്ക് ബോറിസിനെ പിരിയുക സാധ്യമായിരുന്നില്ല. പക്ഷെ, അവസാനം അവള്‍ക്ക് പോകേണ്ടി വന്നു. അവളുടെ ജീവിതത്തിലെ ഏറ്റവും വെറുക്കപ്പെട്ട ദിവസങ്ങളായിരുന്നു അത്.
ബോറിസ് തിരികെ വന്നു. പക്ഷെ, എന്നും കാത്തിരിക്കാറുള്ള മുറ്റത്ത് അന്നയില്ല. അന്നയും കുടുംബവും എവിടെയാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. അന്നയ്ക്ക് എന്തു സംഭവിച്ചു കാണുമെന്നറിയാതെ ബോറിസിന്റെ ഉള്ളം തകര്‍ന്നു. അങ്ങനെ ബോറിസും അന്നയും പരസ്പരം കണ്ടെത്താനാവാതെ പിരിഞ്ഞു. പുതിയ ഗ്രാമത്തിലെത്തിയതോടെ അന്നയുടെ അമ്മ അവളോട് പുനര്‍വിവാഹം ചെയ്യുന്നതിനെ കുറിച്ച് സംസാരിച്ചു തുടങ്ങി. മാത്രവുമല്ല, അവളെ സമ്മതിപ്പിക്കുന്നതിനായി ബോറിസ് വേറെ വിവാഹം ചെയ്തു എന്നും വിശ്വസിപ്പിച്ചു. അതുകാരണമാണ് ബോറിസ് അവള്‍ക്ക് എഴുതാത്തത് എന്ന്, അയാളവളെ മറന്നുവെന്ന് വീട്ടുകാര്‍ ആവര്‍ത്തിച്ചു. അവള് പക്ഷെ അത് വിശ്വസിച്ചേയില്ല.
പക്ഷെ, ഒരുദിവസം അന്ന ജോലി കഴിഞ്ഞ് വരുമ്പോഴേക്കും അവളുടെ അമ്മ ബോറിസ് അവള്‍ക്കെഴുതിയ കത്തുകള്‍, കവിതകള്‍, പെയിന്റിങ്ങുകള്‍, അവരുടെ വിവാഹ ഫോട്ടോ അടക്കം ബോറിസിന്റെ ഓര്‍മ്മകളുള്ള എല്ലാം നശിപ്പിച്ചിരുന്നു. അന്നയുടെ അമ്മ വേറൊരു കാര്യം കൂടി പറഞ്ഞു. ‘പുതിയൊരാള് അവളെ കാണാന്‍ വരുന്നുണ്ട്. അവള് അദ്ദേഹത്തെ കാണണം. ഭാഗ്യമുണ്ടെങ്കില്‍ അയാള്‍ അന്നയെ വിവാഹം കഴിക്കും.’ അവള് പൊട്ടിക്കരഞ്ഞു.. കണ്ണീരില്‍ മുങ്ങി.. അവളുടെ ലോകം മൊത്തം വിഷാദം നിറഞ്ഞതായി, വെളിച്ചമില്ലാത്തതായി.. അന്നയ്ക്ക് മരിക്കാന്‍ തോന്നി. തൂങ്ങി മരിക്കുന്നതിനായി അവളൊരു തുണിക്കഷ്ണം എടുത്തുവെച്ചു.
പക്ഷെ, അതു കണ്ടുകൊണ്ട് വന്ന അമ്മ അവളെ അടിച്ചു. വിഡ്ഢിയാകരുത് എന്ന് വഴക്ക് പറഞ്ഞു. നെഫദ് എന്ന മനുഷ്യനെ കാണാന്‍ അവളെ നിര്‍ബന്ധിച്ചു. അവസാനം അയാളും അവളുടെ അമ്മയും ചേര്‍ന്ന് ഇതാണ് നിന്റെ ഭാവി എന്ന് അവളെ വിശ്വസിപ്പിച്ചു. ഒരുപാട് കാലങ്ങള്‍ക്ക് ശേഷം അന്നയെ കണ്ടെത്താനാവാതെ ബോറിസും വേറെ വിവാഹം ചെയ്തു. അയാളൊരു എഴുത്തുകാരനായി. അയാളെഴുതിയ ഒരു പുസ്തകം അവള്‍ക്കുള്ളതായിരുന്നു. താന്‍ ഒരു സൈനികനായിരുന്നപ്പോള്‍ വിവാഹം ചെയ്ത, മൂന്ന് ദിവസം മാത്രം ഒരുമിച്ച് ജീവിച്ച ആ പെണ്‍കുട്ടിക്ക്.. അയാളുടെ പ്രിയപ്പെട്ട അന്നയ്ക്ക്..
കാലം കടന്നുപോയതോടെ അന്നയുടെ ഭര്‍ത്താവും ബോറിസിന്റെ ഭാര്യയും മരിച്ചു…അന്നയ്ക്കും ബോറിസിനും വയസ്സായി. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം അന്നയ്ക്ക് സ്വന്തം നാട്ടിലേക്ക് തിരികെ വരാമെന്നായി. അങ്ങനെയാണ് അന്ന നാട്ടിലെത്തിയതും ബോറിസിനെ കണ്ടതും.. രണ്ടുപേര്‍ക്കും പരസ്പരം കണ്ണെടുക്കാനായില്ല. ബോറിസ് പറയുന്നു, ‘വേറെ വിവാഹിതനായെങ്കില്‍ പോലും താന്‍ ഏറ്റവും അധികം ഏറ്റവും സത്യസന്ധമായി ആഴത്തില്‍ സ്നേഹിച്ചത് അവളെ ആയിരുന്നു’വെന്ന്.
വീണ്ടും വിവാഹിതരാവാം എന്ന് ബോറിസ് അന്നയോട് പറഞ്ഞു. പക്ഷെ, അന്ന സമ്മതിച്ചില്ല. അതിലെന്ത് കാര്യം.. ഒരുമിച്ച് ജീവിച്ചാല്‍ പോരേ എന്ന് തിരിച്ചു ചോദിച്ചു. പക്ഷെ, വീണ്ടും അവര്‍ വിവാഹിതരായി.. ഒരിക്കല്‍ പോലും കലഹിക്കാതെ അവര്‍ ജീവിക്കുന്നു. ‘കാലം തങ്ങളെ പിരിച്ചു, വീണ്ടും ഒരുമിപ്പിച്ചു, ഇനിയെത്രകാലം രണ്ടുപേരും ഉണ്ടാകുമെന്നറിയില്ല, ആ ദിവസങ്ങളില്‍ പ്രണയിക്കാനല്ലാതെ, കലഹിക്കാനാര്‍ക്ക് സമയം എന്ന് അവര്‍ ചോദിക്കുന്നു. പ്രണയം ഒരു സത്യമാണെന്നതിന് ഇവരുടെ ജീവിതത്തോളം പോന്ന ഉദാഹരണങ്ങള്‍ ലോകത്ത് അധികം ഉണ്ടാകാനിടയില്ല.