ചവറ : ചവറ നിയോജക മണ്ഡലം കേന്ദ്രീകരിച്ച് എക്സൈസ് റേഞ്ച് ഓഫീസ് അനുവദിക്കണമെന്നാവശ്യം ശക്തമാകുന്നു. ചവറ ,നീണ്ടകര ,ചവറ തെക്കുംഭാഗം ,തേവലക്കര ,പന്മന എന്നീ പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് , മയക്കുമരുന്ന് ഉപയോഗങ്ങൾ വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ ഉണ്ട് .
ഈ പ്രദേശങ്ങളിൽ നിന്നും വിദ്യാർഥികൾ വിദ്യാർഥികൾ ഉൾപ്പെ നിരവധിപേരാണ് എക്സൈസിന്റെയും പോലീസിന്റെയും കൈകളിൽ അകപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ കഞ്ചാവ് മയക്ക് മരുന്ന് ലോബികളെ തടയിടാൻ ചവറ കേന്ദ്രീകരിച്ച് എക്സൈസിന്റെ ഒരു പുതിയ ഓഫീസ് പ്രവർത്തനം എത്രയും വേഗത്തിൽ തുടങ്ങണമെന്നാണ് ജനങ്ങളുടെ ആവശ്യം .
ഇപ്പോൾ കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിന്റെപരിധിയിലാണ് ചവറ നിയോജക മണ്ഡലവും.ആവശ്യത്തിന് ജീവനക്കാരില്ലാത്തതു കൊണ്ട് കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിന്റെ പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. നിലവിൽ ഒരു റേഞ്ച് ഇൻസ്പെക്ടറും 4 പ്രിവന്റീവ് ഓഫീസറും 15 സിവിൽ എക്സൈസ് ഓഫീസറും രണ്ട് വനിത എക്സൈസ് ഓഫീസറുമാണ് ഉള്ളത്. എന്നാൽ വർഷങ്ങൾക്ക് മുമ്പുള്ള അംഗബലമാണ് ഇപ്പോഴും ഇവിടെ തുടർന്ന് വരുന്നത്.
ജില്ലയിൽ തന്നെ കൂടുതൽ കഞ്ചാവുവേട്ടയും വ്യാജചാരായ നിർമ്മാണവും നടക്കുന്ന റേഞ്ചാണ് കരുനാഗപ്പള്ളി . കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് പരിധിയിൽ പതിനൊന്ന് പഞ്ചായത്തും ഒരു മുൻസിപ്പാലിറ്റിയും ഉൾപ്പെട്ടതാണ്. ഇത്രയും വലിയ മേഖലയിൽ എക്സൈസിന് വേണ്ടത്ര രീതിയിൽ എത്തപ്പെടാൻ കഴിയുന്നില്ല. ഇവിടെ ഉള്ളത് ഏക വാഹനവും .
ഇൻസ്പെക്ടർ ഉൾപ്പെടെ പലപ്പോഴും മൂന്നോ നാലോ ഉദ്യോഗസ്ഥരെ റെയ്ഡിന് പോകാൻ പറ്റുകയുള്ളുവെന്നതാണ് യാഥാർഥ്യം .മിക്ക ദിവസവും നിരവധി കേസുകളാണ് ചവറ ,കരുനാഗപ്പള്ളി നിയോജക മണ്ഡലങ്ങളിൽ ഉണ്ടാകുന്നത്. രണ്ട് അസംബ്ലി മണ്ഡലത്തിലും കൂടി ഉള്ള ജീവനക്കാരെ ഉപയോഗപ്പെടുത്താൻ ഏറെ പ്രയാസകരമാണ്. ഇതിന് കാരണം ജീവനക്കാരുടെ കുറവ് തന്നെയാണ്.
മിക്ക ദിവസങ്ങളിലും കോടതി, പാറാവ് ഉൾപ്പെടെയുള്ള ജോലികൾക്കായി ജീവനക്കാർ മാറി കഴിഞ്ഞാൽ റേഞ്ച് ഓഫീസിൽ പിന്നെ ജീവനക്കാരുടെ എണ്ണം കുറവാണ്. വാടക കെട്ടിടത്തിലാണ് കരുനാഗപ്പള്ളി റേഞ്ച് ഓഫീസ് പ്രവർത്തിച്ചുവരുന്നത്. വർദ്ധിച്ചു വരുന്ന കഞ്ചാവ് കച്ചവടത്തെ ഇല്ലാഴ്മ ചെയ്യാൻ ചവറയിൽ ഒരു എക്സൈസ് ഓഫീസ് അധികൃതരുടെ ഇടപെടൽ വഴി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഏവരും .