കൊല്ലം :ഐക്യജനാധിപത്യമുന്നണി സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ മകൻ കാർത്തിക്ക്.കുടുംബ യോഗങ്ങളിലും വീട് സന്ദർശനത്തിലുമാണ് കാർത്തിക്ക് ശ്രദ്ധിക്കുന്നത്. ഇതിനിടെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും കാർത്തിക്കിന്റെ ഒപ്പം കൂടിയതോടെ യുഡിഎഫ് പ്രവർത്തകർ കൂടുതൽ ഉഷാറായി.
ഇരുവരെയും കഴിയുന്നത്രെ വീടുകളിലും കുടുംബയോഗങ്ങളിലും പങ്കെടുപ്പിക്കുന്നതിനുളള ശ്രമത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിറ്റികൾ. കക്ഷി രാഷ്ട്രീയത്തിൽ വശമില്ലാത്ത കാർത്തിക്ക് ജനജീവിതത്തിന്റെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പച്ചയായ യഥാർത്ഥ്യത്തോടെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. വീട്ടമ്മമാരോട് അരിയുടെയും ഗ്യാസിന്റെയും വിലപറഞ്ഞാണ് കാർത്തിക് സംസാരം തുടങ്ങുന്നത്.
പിന്നീടത് നോട്ട് നിരോദനത്തിന്റെ ദുരിതത്തിലേയ്ക്കും ദേശീയതലത്തിലുളള അഴിമതിയിലേയ്ക്കും സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടുകളിലേയ്ക്ക് നീങ്ങുന്പോൾ കുടുംബയോഗങ്ങളിൽ ആവേശം അലതല്ലുന്നു.കാർത്തിക്കിന്റെ അടുത്ത സുഹൃത്തായ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടിഉമ്മൻ കേരള ജനതയുടെ മേൽ സിപിഎമ്മിന്റെ കടന്നാക്രമണവും സ്ത്രീവിരുദ്ധ നിലപാടുകളും വിശദീകരിച്ചു.
കൊല്ലത്തിന്റെ വികസന പ്രവർത്തനങ്ങളിൽ എം.പി എന്നുളള നിലയിൽ എൻ.കെ. പ്രേമചന്ദ്രൻ നടത്തിയ ഇടപെടലുകളും നേട്ടങ്ങളും അക്കമിട്ട് നിരത്തിയാണ് ചാണ്ടി ഉമ്മൻ കുടുംബയോഗങ്ങളിൽ സംസാരിച്ചു കയറുന്നത്.