കൊച്ചി: കൊച്ചിയിൽ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിനുനേരെ വെടിയുതിർത്ത കേസിൽ ക്വട്ടേഷൻ 50 ലക്ഷം രൂപയുടേതെന്ന് ക്രൈംബ്രാഞ്ച്. അധോലോക കുറ്റവാളി രവി പൂജാരിയുടെ സംഘാംഗമായ കാസർഗോഡ് സ്വദേശിയാണ് ക്വട്ടേഷൻ നൽകിയതെന്നും അധികൃതർ തിരിച്ചറിഞ്ഞു.
കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാത്രി ക്രൈംബ്രാഞ്ചിന്റെ പിടിയിലായ പ്രതികളിൽനിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങൾ അധികൃതർക്ക് ലഭിച്ചത്. ആലുവ എൻഎഡി കോന്പാറ ഭാഗത്ത് വെളുംകോടൻ വീട്ടിൽ ബിലാൽ(25), കൊച്ചു കടവന്ത്ര കസ്തൂർബാനഗർ പുത്തൻചിറയിൽ വിപിൻ വർഗീസ്(30) എന്നിവരാണു മാസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ പിടിയിലായത്.
രവി പൂജാരിയുടെ സംഘാംഗമായ കാസർഗോഡ് സ്വദേശിയാണ് ബിലാലിന് 50 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ കൊടുത്തത്. തുടർന്ന് തോക്കുകളും സഞ്ചരിക്കാനുള്ള മോട്ടോർ സൈക്കിളും എറണാകുളത്ത് എത്തിച്ചുനൽകി.
കഴിഞ്ഞ ഡിസംബർ 15ന് പ്രതികൾ കളമശേരി മെഡിക്കൽ കോളജ് ഭാഗത്തുനിന്ന് മോട്ടോർ സൈക്കിളിൽ പുറപ്പെട്ട് സീ പോർട്ട് എയർപോർട്ട് റോഡിലൂടെ സഞ്ചരിച്ച് ചെലവന്നൂർ ബണ്ട് റോഡ് വഴിയെത്തി ബ്യൂട്ടി പാർലറിനുനേരെ വെടിവയ്ക്കുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
തുടർന്ന് ഇതുവഴി തന്നെ പ്രതികൾ മടങ്ങി. എൻഎഡി ഭാഗത്ത് കാടിനകത്ത് അമേരിക്ക എന്ന പേരിലറിയപ്പെടുന്ന ഒളിസങ്കേതത്തിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതികൾ പിന്നീട് കാസർഗോഡിലെ ഒളിസങ്കേതത്തിലേക്ക് മാറി. പ്രതികൾക്ക് 50 ലക്ഷം രൂപ ഓഫർ ചെയ്തെങ്കിലും 45,000 രൂപ മാത്രമാണു ലഭിച്ചതെന്നു തിരിച്ചറിഞ്ഞതായും അധികൃതർ പറഞ്ഞു. പ്രതികളെ സംബന്ധിച്ച് ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.