പയ്യന്നൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഭീഷണിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ സിപിഎം നേതാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റടക്കം നാലുപേർക്കെതിരേ പയ്യന്നൂർ പോലീസ് കേസെടുത്തു.
കുഞ്ഞിമംഗലം തലായിയിൽ താമസിക്കുന്ന എ.കെ. സ്വപ്ന നൽകിയ പരാതിയിൽ കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞിരാമനുൾപ്പെടെയുള്ളവർക്കെതിരേയാണ് കേസെടുത്തത്. കഴിഞ്ഞ ഏഴിനാണ് പരാതിക്കാസ്പദമായ സംഭവം.
തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം ആവശ്യപ്പെടുകയും നൽകാത്തതിനെ തുടർന്ന് ജീവിക്കാൻ വിടില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതി നൽകിയ പരാതിയിലുള്ളത്. അതേ സമയം പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞിരാമന്റെ പരാതിയിൽ സ്വപ്നക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
വോട്ടഭ്യർഥനയുമായി യുവതിയെ സമീപിച്ചപ്പോൾ സമൂഹമധ്യത്തിൽ അസഭ്യം പറഞ്ഞ് അപമാനിച്ചുവെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതി. പിന്നോക്ക വിഭാഗത്തിൽപ്പെട്ട രോഗിണിയായ സ്ത്രീക്ക് എസ്സി ഫണ്ടുപയോഗിച്ച് കുടിവെള്ളം നൽകിയതിൽ അയൽക്കാരിക്കുണ്ടായ അസഹ്യതയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം.