ഐപിഎൽ 12-ാം സീസണിൽ ഇതുവരെ ജയം നേടാത്ത ഏകടീമായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയിനിനെ ടീമിലെത്തിച്ചു. ടീമിന്റെ ബൗളിംഗ് ആക്രമണത്തിനു കരുത്തു പകരാൻ സ്റ്റെയിനിന്റെ വരവ് തുണയ്ക്കുമെന്നാണ് വിശ്വാസം.
പരിക്കേറ്റ ഓസ്ട്രേലിയൻ പേസ് ബൗളർ നഥാൻ കോൾട്ടർ നൈലിന് പകരക്കാരനായാണ് സ്റ്റെയിൻ എത്തുന്നത്. ഓസീസ് ബൗളറായ നൈൽ, പാക്കിസ്ഥാനെതിരായ ഏകദിന പരന്പരയ്ക്ക് ശേഷം ബംഗളൂരുവിലെത്തുമെന്നായിരുന്നു ധാരണ. എന്നാൽ, പരിക്കിനെത്തുടർന്ന് താരം ടീമിനൊപ്പം ചേർന്നില്ല.
ഈ സീസണിലെ താരലേലത്തിൽ തഴയപ്പെട്ട സ്റ്റെയിൻ, രണ്ട് വർഷത്തിനു ശേഷമാണ് ഐപിഎലിലെത്തുന്നത്. 2016 ൽ ഗുജറാത്ത് ലയണ്‍സിനു വേണ്ടിയാണ് താരം അവസാനമായി ഐപിഎൽ കളിച്ചത്. 2008 മുതൽ 2010 വരെ റോയൽ ചലഞ്ചേഴ്സ് താരമായിരുന്നു. ഡെക്കാണ് ചാർജേഴ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവയ്ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.