രാജ്യത്തിനും രാജ്യത്തിലെ ജനങ്ങള്‍ക്കും മുഴുവന്‍ നാണക്കേടാകുന്ന തരത്തില്‍ വര്‍ഗ്ഗീയ വിഷം ചീറ്റുന്ന പ്രസംഗവുമായി കേന്ദ്രമന്ത്രി മേനക ഗാന്ധി വീണ്ടും രംഗത്ത്. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ കൂടിനിന്ന മുസ്ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്ന തരത്തിലാണ് മേനക ഗാന്ധിയുടെ വര്‍ഗ്ഗീയ പ്രസംഗം.
തനിക്കുവോട്ടു ചെയ്തില്ലെങ്കില്‍ മുസ്ലീങ്ങള്‍ക്ക് ഒരുവിധത്തിലുള്ള സഹായവും നല്‍കില്ലെന്നാണ് മനേകാ ഗാന്ധിയുടെ ഭീഷണി. തനിക്ക് വോട്ട് ചെയ്യാത്ത മുസ്ലീങ്ങള്‍ക്ക് താന്‍ എന്തിന് ജോലി നല്‍കണമെന്നും ഉത്തര്‍പ്രദേശിലെ മുസ്ലീങ്ങളോടായി മനേക ഗാന്ധി സംസാരിച്ചു.
‘താന്‍ എന്തായാലും ജയിക്കും. ജനങ്ങളുടെ പിന്തുണയും സ്‌നേഹവും കാരണമാണ് താന്‍ ജയിക്കുന്നത്. പക്ഷേ മുസ്ലീങ്ങളുടെ വോട്ടില്ലാതെയുള്ള ജയം നല്ലതല്ലെന്നാണ് തനിക്ക് തോന്നുന്നത്. കാര്യങ്ങള്‍ കുറച്ചുകൂടി പ്രശ്‌നത്തിലാവും. പിന്നെ, മുസ്ലീങ്ങള്‍ എന്തെങ്കിലും ആവശ്യവുമായി തന്നെ സമീപിച്ചാല്‍, എന്തിന് വന്നെന്ന് താന്‍ കരുതും. എല്ലാം കൊടുക്കല്‍ വാങ്ങല്‍ അല്ലേ? നമ്മള്‍ മഹാത്മാഗാന്ധിയുടെ മക്കളൊന്നുമല്ലല്ലോ?’ ചിരിച്ചുകൊണ്ടുള്ള മനേകാ ഗാന്ധിയുടെ പ്രസംഗമിങ്ങനെ.
‘ഞാന്‍ തെരഞ്ഞെടുപ്പില്‍ ഇതിനകം ജയിച്ചതാണ്. എങ്കിലും, നിങ്ങള്‍ക്ക് എന്നെ ആവശ്യമുണ്ട്. അതിന് തുടക്കമിടാന്‍ തെരഞ്ഞെടുപ്പ് വരുമ്പോള്‍ 100-ഓ 50-ഓ വോട്ടുനല്‍കി നിങ്ങള്‍ വന്നുനോക്കൂ, ഞാനൊരു വേര്‍തിരിവും കാണിക്കില്ല, എനിക്ക് വേദനയും ദു:ഖവും സ്‌നേഹവും മാത്രമേ കാണാനാവൂ. അതിനാല്‍ എല്ലാം നിങ്ങളുടെ കൈകളിലാണ്.’ എന്നാണ് മനേക പറഞ്ഞത്.