സി.സി.സോമൻ
കോട്ടയം: വിഷു വിപണിയിൽ പച്ചക്കറിക്ക് തീ വില. എല്ലാത്തരം പച്ചക്കറികൾക്കും കിലോഗ്രാമിന് വില അൻപതിന് മുകളിൽ. രണ്ടും മൂന്നും ഇരട്ടിയാണ് വില വർധനവ്. ബീൻസ് വില നൂറു കടന്നു. തിങ്കളാഴ്ച വിഷു ആയതിനാൽ ഇന്നും നാളെയും വില വീണ്ടും വർധിപ്പിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. ഒരു കിലോഗ്രാം ബീൻസിന് ഇന്നലെ 120 രൂപയാണ് കോട്ടയം ടൗണിലെ കടയിൽ വാങ്ങിയത്.
പച്ചമുളകിന് കിലോഗ്രാമിന് 80 രൂപ. അച്ചിങ്ങ പയർ, പാവയ്ക്ക എന്നിവയ്ക്കും കിലോഗ്രാമിന് 80 രൂപ. കാരറ്റ് -70 രൂപ. തക്കാളി -48 രൂപ, വെള്ളരി -36, ഏത്തയ്ക്ക -40, വെണ്ടയ്ക്ക- 56, മാങ്ങ -50, ബീറ്റ്റൂട്ട് -56, തക്കാളി -48 എന്നിങ്ങനെയാണ് മറ്റിനങ്ങളുടെ വില.
ഉരുളക്കിഴങ്ങിനും സവാളയ്ക്കും നേരിയ വില വർധനവേ ഉണ്ടായിട്ടുള്ളു. കിഴങ്ങിന് കിലോഗ്രാമിന് 30 രൂപയും സവാളയ്ക്ക് 20 രൂപയുമാണ് വില. സവാളയ്ക്ക് 18 രൂപയായിരുന്നു രണ്ടാഴ്ച മുന്‍പത്തെ വില. കിലോഗ്രാമിന് 50 രൂപയും അതിൽ താഴെയുമായിരുന്ന വില മൂന്നാഴ്ച മുൻപാണ് പെട്ടെന്നു കയറിയത്.
പച്ചക്കറി വില പെട്ടെന്നു കുതിക്കാൻ പ്രത്യേക കാരണമൊന്നുമുണ്ടായിട്ടില്ല. വെള്ളപ്പൊക്കമോ വരൾച്ചയോ പച്ചക്കറികളെ ബാധിച്ചതായി റിപ്പോർട്ടില്ല. പിന്നെയെന്താണ് വില ഇത്ര പെട്ടെന്നു വർധിക്കാൻ കാരണമെന്ന് വ്യക്തമല്ല. മുൻപൊക്കെ വൻകിട വ്യാപാരികൾ തെരഞ്ഞെടുപ്പു ഫണ്ട് നൽകുന്നതിനാൽ സാധനങ്ങൾക്ക് വില വർധിപ്പിച്ചതെന്ന് പ്രചാരണമുണ്ടായിരുന്നു.