ജനാധിപത്യത്തിന്റെ ആകെത്തുക! വേദിയില്‍ പ്രസംഗകനുള്‍പ്പെടെ ആറുപേര്‍; കേള്‍വിക്കാരായി ഒരാള്‍മാത്രം; ചിത്രം പങ്കുവച്ച് ആനന്ദ് മഹീന്ദ്ര

കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ടുള്ള ചില കാഴ്ചകള്‍ പലപ്പോഴും രസകരമാണ്. തിരഞ്ഞെടുപ്പുകള്‍ അടുക്കുന്ന സമയത്താണെങ്കില്‍ പ്രത്യേകിച്ചും. ഇത്തരത്തില്‍ കേരളത്തില്‍ കണ്ട ഒരു ചിത്രം ട്വീറ്റിലൂടെ പങ്കുവച്ച്, പരിഹാസവുമായി എത്തിയിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് സിഇഒ ആനന്ദ് മഹീന്ദ്ര.

ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറയുന്നതിങ്ങനെ ”തിരഞ്ഞെടുപ്പ് പ്രചാരണം അവസാനത്തിലേക്കടുക്കുമ്പോള്‍ എനിക്ക് വാട്സാപ്പില്‍ ലഭിച്ച ചിത്രമാണിത്. എവിടെ നിന്നാണെന്നോ എത്ര പഴക്കമുണ്ടെന്നോ അറിയില്ല. പക്ഷേ, ജനാധിപത്യമെന്ന അദ്ഭുതത്തിന്റെ ആകെത്തുകയാണീ ചിത്രം. വലിയ ജനക്കൂട്ടത്തിന്റെ ചിത്രത്തെക്കാള്‍ മികച്ചത്. എല്ലാവര്‍ക്കും പറയാനൊരു കാര്യമുണ്ടാകും, അതുകേള്‍ക്കാന്‍ ‘ഒരാളെങ്കിലും’ കാണും”

മഹീന്ദ്രയുടെ ട്വീറ്റിന്റെ ആദ്യ മറുപടിതന്നെ ഇത് കേരളമാണെന്ന് പറഞ്ഞുകൊണ്ടുള്ളതാണ്. ഒരാളുടെ മറുപടി ഇങ്ങനെ, ‘തിരഞ്ഞെടുപ്പായാലും അല്ലെങ്കിലും കേരളത്തിലെ പൊതുവേയുള്ള അവസ്ഥയാണിത്. പൊതുജനം അവരുടെ തിരക്കുകളിലായിരിക്കും. പ്രസംഗകന്‍ പ്രസംഗിച്ചുകൊണ്ടേയിരിക്കും. ബസ്, ഓട്ടോ സ്റ്റാന്‍ഡുകളിലും കടകളിലുമിരുന്ന് ഈ പ്രസംഗം കേള്‍ക്കുന്ന ഒരുവിഭാഗത്തെയും കാണാം…’

Related posts