പത്തനംതിട്ട: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് സമിതിക്ക് ലഭിച്ചതിൽ രണ്ട് പരാതികൾ അന്വേഷണത്തിനും തുടർ നടപടികൾക്കുമായി ജില്ലാ കളക്ടർ പി.ബി.നൂഹ് ജില്ലാ പോലീസ് മേധാവി ജി.ജയദേവിന് കൈമാറി.
അടൂർ സ്വദേശിനി മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തത് സംബന്ധിച്ച് പത്തനംതിട്ട വെട്ടിപ്പുറം പാറയ്ക്കൽ അജിൻ വർഗീസ് നൽകിയ പരാതിയിൽ അടൂർ പോലീസ് കേസെടുത്തു.
എൽഡിഎഫ് സ്ഥാനാർഥി വിശ്വാസികൾക്കെതിരാണെന്ന് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചുവെന്ന കെ. അനന്തഗോപന്റെ പരാതിയും കളക്ടർ നടപടിക്കായി പോലീസിന് കൈമാറി. എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ ശബരിമലയുടെ പേരിൽ വോട്ട് തേടി എന്നത് സംബന്ധിച്ച് ലഭിച്ച പരാതിയിൽ, വീഡിയോ ദൃശ്യം പരിശോധിച്ചതിൽ നിന്നും നടപടി ആവശ്യമില്ലെന്ന് ജില്ലാ കളക്ടർക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അപേക്ഷ നിരാകരിച്ചു.