കളമശേരി: എസ്സിഎംഎസ് കോളജിന് എതിർവശത്ത് മെട്രോ പാലത്തിന് അടിയിൽ മാലിന്യം കത്തുന്നത് പതിവാകുന്നു. ഇന്നു രാവിലെയും ഫയർഫോഴ്സെത്തി തീ കെടുത്തി. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ 10 ലധികം തവണയാണ് ഏലൂരിൽ നിന്നെത്തി ഫയർഫോഴ്സ് എത്തി തീ കെടുത്തിയത്. ഏകദേശം100 മീറ്റർ നീളത്തിൽ നിരവധി ലോഡ് മാലിന്യമാണ് ഇവിടെ കൊണ്ടുവന്ന് തള്ളിയിരിക്കുന്നത്.
ക്രെയിനുകൾ, ലോറികൾ എന്നിവ നിരനിരയായി പാർക്ക് ചെയ്യുന്ന സ്ഥലമാണിത്. പലപ്പോഴും ഫയർഫോഴ്സിന്റെ തക്ക സമയത്തെ ഇടപെടലാണ് വാഹനങ്ങൾക്ക് തീപിടിക്കാതെ രക്ഷിക്കുന്നത്. ഒരു വാഹനത്തിന് തീപിടിച്ചാൽ നിരനിരയായിക്കിടക്കുന്ന മറ്റ് വാഹനങ്ങൾക്ക് തീപിടിക്കാനും സാധ്യതയുണ്ട്. തീ ആളിപ്പടർന്നാൽ മെട്രോ തൂണുകളെയും പാലത്തെയും ബാധിക്കുമെന്ന് ഫയർഫോഴ്സ് മുന്നറിയിപ്പ് നൽകുന്നു.