തൃശൂർ: ഇന്ത്യൻ സൈന്യത്തെ ദുരുപയോഗിക്കുന്നത് രാജ്യദ്രോഹമാണെന്ന് എഐസിസി പ്രവർത്തകസമിതി അംഗവും മുൻ പ്രതിരോധമന്ത്രിയുമായ എ.കെ.ആന്റണി. തൃശൂർ പ്രസ് ക്ലബിന്റെ രാഷ്ട്രീയം പറയാം സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു ആന്റണി.
ഇന്ത്യൻ സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കാനാണ് ബിജെപി നേതാക്കൾ ശ്രമിക്കുന്നതെന്നും അതു രാജ്യദ്രോഹമാണെന്നും ആന്റണി പറഞ്ഞു. ഇന്ത്യൻ സൈന്യം ലോകത്തിലേക്കുവ ച്ച് ഏറ്റവുമധികം മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന സൈന്യമാണ്. രാഷ്ട്രീയത്തിനും ജാതിമതങ്ങൾക്കും അതീതമാണ് ഇന്ത്യൻ സൈന്യം. അവരെ രാഷ്ട്രീയത്തിലേക്കും വിവാദങ്ങളിലേക്കും വലിച്ചിഴയ്ക്കരുത്.
ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി ഉറക്കം നടിച്ചു കിടക്കുകയായിരുന്നുവെന്നും തെരഞ്ഞെടുപ്പ് വന്നപ്പോൾ വിശ്വാസ സംരക്ഷണമെന്ന പേരിൽ ഇലക്ഷൻ സ്റ്റണ്ടും നാടകവും നടത്തുകയാണെന്നും ആന്റണി ആരോപിച്ചു. ഈ പരിപ്പ് ഇത്തവണ കേരളത്തിൽ വേവില്ല. ഈ നാടകം കേരളത്തിൽ വിലപ്പോവില്ല. കേരള ജനത വിവേകമുള്ളവരാണ്.
വീണ്ടും അധികാരത്തിൽ വന്നാൽ വിശ്വാസസംരക്ഷണത്തിന് വേണ്ടി സുപ്രീം കോടതിയെ സമീപിക്കുമെന്ന മോദിയുടെ കോഴിക്കോട് പ്രസംഗം കേരളത്തിലെ ജനങ്ങളുടെ ബുദ്ധിശക്തിയെ കളിയാക്കുന്നതാണെന്നും ആന്റണി പറഞ്ഞു.
കേസ് വന്ന സമയത്ത് അതിൽ ഇടപെടാതെ ഇപ്പോൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മോദി ഇതു പറഞ്ഞത്. ഇത് ഇലക്ഷൻ സ്റ്റണ്ടാണ്, തെരഞ്ഞെടുപ്പ് നാടകമാണ്.
കേന്ദ്രത്തിൽ ഭരണമാറ്റമുണ്ടാകണമെന്നും കേരളത്തിൽ ഭരണം നടത്തുന്നവരെ ഒരു പാഠം പഠിപ്പിക്കണമെന്നും കേരളത്തിലെ ജനങ്ങളുടെ മനസിലുണ്ട്. ഇടതുപക്ഷം കേരളത്തിൽ ചെയ്തുകൂട്ടിയ തെറ്റുകൾക്കു പ്രായശ്ചിത്തമായി ഒരു പാഠം പഠിപ്പിക്കണം എന്ന ചിന്താഗതി കേരളത്തിലെ ജനങ്ങളിലുണ്ട്.
മോദിയെ മാറ്റിയേ തീരുവെന്നും പിണറായിക്ക് നല്ലൊരു ഷോക്ക് കൊടുക്കണമെന്നും ജനം തീരുമാനിച്ചിട്ടുണ്ടെന്നും എല്ലാം ശരിയാക്കുമെന്ന് പറഞ്ഞു വന്നിട്ട് പിണറായിയും കൂട്ടരും എല്ലാം തകർത്തുവെന്നും ആന്റണി ചൂണ്ടിക്കാട്ടി.
ഇടതുപക്ഷം അഹന്തയും മർക്കടമുഷ്ടിയും ധാർഷ്ട്യവും കുറയ്ക്കാൻ പഠിക്കണമെന്നും ആന്റണി തുറന്നടിച്ചു. കാലങ്ങളായി ഇടതുപക്ഷത്തിന് വോട്ടുചെയ്യുന്നതിൽ നല്ലൊരു ശതമാനം ഇത്തവണ മാറി വോട്ടുചെയ്യുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
ശബരിമല വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോൾ എന്നെക്കൊണ്ട് ചട്ടം ലംഘിപ്പിച്ച് കുഴപ്പത്തിൽ ചാടിക്കാനാണോ ശ്രമമെന്ന് ആന്റണി തിരിച്ചു ചോദിച്ചു. കോണ്ഗ്രസ് അതിന്റെ ആരംഭം മുതൽക്കേ എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങളുടേയും വിശ്വാസം കാത്തുരക്ഷിക്കുന്നുണ്ടെന്നും ആന്റണി അവകാശപ്പെട്ടു.
അവസാന ശ്വാസം വരെ രാഷ്ട്രീയരംഗത്തുണ്ടാകും. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാലമൊക്കെ കഴിഞ്ഞുവെന്നും അദ്ദേഹം ചോദ്യത്തിനുത്തരമായി പറഞ്ഞു. എല്ലാത്തിനും സമയവും കാലമുണ്ടെന്നും ആന്റണി കൂട്ടിച്ചേർത്തു.