ചാലക്കുടി: പ്രളയത്തിൽ 458 പേരെ മുക്കിക്കൊന്ന മുഖ്യമന്ത്രി പിണറായി വിജയനു എന്തു ശിക്ഷ നൽകണമെന്നു ജനങ്ങൾ തീരുമാനിക്കണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു.യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹന്നാന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ പരിയാരം പോസ്റ്റോഫീസ് ജംഗ്്ഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽഗാന്ധി പ്രധാനമന്ത്രിയായാൽ രാജ്യത്തെ കർഷകരുടെ കടം എഴുതിത്തള്ളുമെന്നും രാഹുൽഗാന്ധി വയനാട് മത്സരിക്കുന്നതിനാൽ കേരളത്തിൽ യുഡിഎഫ് 20 സീറ്റിലും വിജയിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അന്തർ സംസ്ഥാന നദീജല കരാർ നടപ്പിലാക്കിയിരുന്നുവെങ്കിൽ പ്രളയം ഉണ്ടാകുമായിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വി.ഒ.പൈലപ്പൻ അധ്യക്ഷത വഹിച്ചു. കോണ്ഗ്രസ് നേതാക്കളായ എബി ജോർജ്, സി.ജി.ബാലചന്ദ്രൻ, മേരി ദീപ്തി വർഗീസ്, കെ.ടി.ബെന്നി, പി.കെ.ജേക്കബ്, പി.കെ.ഭാസി, ടി.എ.ആന്റോ, ബിജു കാവുങ്ങൽ, വിനോജ് ജോസ്, ഐ.ഐ. അബ്ദുൾ മജീദ്, ഷാജു വടക്കൻ, മേരി നളൻ, ജെയിംസ് പോൾ, കെ.ടി.വർഗീസ്, തോമസ് ഐ. കണ്ണത്ത് തുടങ്ങിയവർ പ്രസംഗിച്ചു.