റഫാല്‍ ഇടപാടില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പ്രമുഖ ഫ്രഞ്ച് ദിനപത്രം ലെ മോണ്ടെ. അനില്‍ അംബാനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ 14.30 കോടി യൂറോ 1119 കോടി രൂപ നികുതി ഇളവ് നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. ഇന്ത്യയും ഫ്രഞ്ച് കമ്പനിയായ ദസോയുമായി യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് കരാര്‍ ഒപ്പിട്ടതിന് തൊട്ടു പിന്നാലെയാണ് ഈ നികുതിയിളവ് നല്‍കിയിരിക്കുന്നത്.
അനില്‍ അംബാനിയുടെ ഫ്രാന്‍സ് ആസ്ഥാനമായുള്ള ‘റിലയന്‍സ് അറ്റ്ലാന്റിക് ഫ്ളാഗ് ഫ്രാന്‍സ്’ എന്ന കമ്പനിക്ക് നികുതി ഇളവ് നല്‍കിയെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2007 മുതല്‍ 2012 വരെയുള്ള കാലയളവില്‍ രണ്ടു തവണയായി നികുതിവെട്ടിപ്പിന് അന്വേഷണം നേരിട്ട കമ്പനി 15.10 കോടി ഡോളറാണ് നികുതി ഇനത്തില്‍ നല്‍കേണ്ടിയിരുന്നത്. എന്നാല്‍ എഴുപതു ലക്ഷം യൂറോ മാത്രം സ്വീകരിച്ച് കേസ് അവസാനിപ്പിച്ചു. വന്‍കടക്കെണിയില്‍ അകപ്പെട്ടിരുന്ന കമ്പനിയുടെ സാമ്പത്തികസ്ഥിതി രൂക്ഷമായ അവസ്ഥയിലാണ് നികുതി ഇളവ് നല്‍കിയത്.
ഈ കേസില്‍ അന്വേഷണം നടക്കുന്ന സമയത്താണ് 2015 ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിലെത്തി അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദുമായി ചര്‍ച്ച നടത്തി 36 റഫാല്‍ പോര് വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നത്. പ്രഖ്യാപനത്തിന് പിന്നാലെയാണ് ഫ്രാന്‍സ് റിലയന്‍സിന് നികുതി ഒഴിവാക്കി കൊടുത്തത്.