ചാലക്കുടി: കുറി വട്ടമെത്തിയിട്ടും നിക്ഷേപകർക്കു പണം നൽകാനാകാതെ കുറിക്കന്പനി പൂട്ടി. ചാലക്കുടി സൗത്ത് ജംഗ്ഷനിൽ സുരാഗ് ബിൽഡിംഗിൽ പ്രവർത്തിച്ചിരുന്ന വെങ്കിടേശ്വര കുറീസാണ് അടച്ചുപൂട്ടിയത്. നിക്ഷേപകരുടെ പരാതിയെതുടർന്നു കുറിക്കന്പനി ഉടമ കൂടപ്പുഴ സ്വദേശി കവണപ്പിള്ളി സുനിലിന്റെ പേരിൽ പോലീസ് കേസെടുത്തു. ഇയാൾ മുങ്ങിയിരിക്കുകയാണ്.
കുറി വട്ടമെത്തിയിട്ടു മാസങ്ങളായിട്ടും പണം ലഭിക്കാതെ നിക്ഷേപകർ കുറിക്കന്പനിയിൽ പണത്തിനുവേണ്ടി കയറിയിറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് കുറിക്കന്പനി പൂട്ടിപ്പോയത്. കുറേ നാളായി ഇവിടെ സ്റ്റാഫ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലക്ഷക്കണക്കിനു രൂപയാണ് നിക്ഷേപകർക്കു ലഭിക്കാനുള്ളത്. കുറിക്കന്പനി പൂട്ടിയതിനെ ുടർന്നാണ് 20 ഓളം നിക്ഷേപകർ പോലീസ് പരാതി നൽകിയത്.
നേരത്തേ കുറിക്കന്പനിയിൽ മാനേജരായി ജോലിചെയ്തിരുന്ന സുനിൽ കുറിക്കന്പനി നടത്തിയിരുന്നവർ പ്രവർത്തനം നിർത്താൻ തീരുമാനിച്ചപ്പോൾ ഏറ്റെടുത്തു നടത്തുകയായിരുന്നു. സാധാരണക്കാരായ ആളുകളാണ് ഇവിടെ കുറിവച്ചിരുന്നത്. കുറിക്കന്പനി ഉടമയെത്തേടി പോലീസ് അന്വേഷണം തുടങ്ങി.