പാലക്കാട്: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ കോഴിക്കോടും പൊന്നാനിയിലും വച്ച് അപകീർത്തികരമായ പ്രസ്താവന നടത്തിയ എൽ.ഡി.എഫ് കണ്‍വീനർ എ. വിജയരാഘവനെതിരെ പത്ത് ദിവസം കഴിഞ്ഞിട്ടും കേസ്സ് എടുക്കാത്തത് പ്രതിഷേധാർഹമാണെന്ന് ആലത്തൂർ യു.ഡി.എഫ് പാർലമെന്റ് കമ്മിറ്റി കുറ്റപ്പെടുത്തി.കോഴിക്കോട്ടേയും പൊന്നാനിയിലേയും അപകീർത്തികരമായ പ്രസംഗത്തിനു ശേഷം ഏപ്രിൽ രണ്ടിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് ആലത്തൂർ ഡി.വൈ.എസ്.പി മുന്‍പാകെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊന്നാനി ഡി.വൈ.എസ്.പി ബിജു ഭാസ്കർ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും ഇന്നേ വരെ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തിട്ടില്ല.
പൊതു സമൂഹമധ്യത്തിൽ ഒരു സ്ത്രീക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയാൽ ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ച് ഇരുപത്തിനാലു മണിക്കൂറിനകം കേസ്സ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കേണ്ടതാണ്.
എന്നാൽ ഇവിടെ പ്രഥമദൃഷ്ട്യാ കേസ്സ് രജിസ്റ്റർ ചെയ്യാവുന്ന പരാതിയാണെന്നറിഞ്ഞിട്ടും എ. വിജയരാഘവനെതിരെ കേസ്സ് രജിസ്റ്റർ ചെയ്യാത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനാനുവാദം ഉള്ളതു കൊണ്ടാണ്. ഈ കേസ്സ് മാത്രമല്ല സ്ത്രീകൾക്കെതിരായുള്ള വിഷയങ്ങളിൽ കേസ്സ് രജിസ്റ്റർ ചെയ്യാതിരിക്കുന്നത് എൽ.ഡി.എഫ് സർക്കാരിന്റെ സ്ഥിരം ശൈലിയാണ്.
തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പൊന്നാനിയിലും കോഴിക്കോടും നടത്തിയ അപകീർത്തികരമായ പരമാർശത്തിൽ നിയമപരമായ നടപടി ആവശ്യപ്പെട്ടു കൊണ്ട് ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് എൽ.ഡി.എഫ് കണ്‍വീനർ എ. വിജയരാഘവനെതിരെ ആലത്തൂർ കോടതിയിൽ പ്രത്യേക കേസ്സ് ഫയൽ ചെയ്യുമെന്ന് യു.ഡി.എഫ് പാർലമെന്റ് കമ്മിറ്റി പത്ര പ്രസ്താവനയിൽഅറിയിച്ചു.