കൊട്ടാരക്കര: ഗർഭിണിയെ വീട്ടിൽ കയറി അപമാനിച്ച അന്യസംസ്ഥാനക്കാരനായ പുതപ്പു കച്ചവടക്കാരനെ പോലീസ് പിടികൂടി. ഉത്തർപ്രദേശ് അലിഗഡ് സ്വദേശി നൂർ മുഹമ്മദ് (26) ആണ് പിടിയിലായത്.
ഇന്നലെ രാവിലെ 10 ഓടെ കൊട്ടാരക്കര വെട്ടിക്കവലയിലായിരുന്നു സംഭവം. പുതപ്പു കച്ചവടത്തിനായി നൂർ മുഹമ്മദ് എത്തിയ വീട്ടിൽ രണ്ടു മാസം ഗർഭിണിയായ സ്ത്രീ മാത്രമാണുണ്ടായിരുന്നത്. ഇയാൾ വീട്ടിനുള്ളിൽ കയറി സ്ത്രീയെ ആക്രമിക്കുകയും നിലത്തു തള്ളിയിടുകയും ചെയ്തുവെന്നു പോലീസ് പറഞ്ഞു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു.
സ്ഥലത്തെത്തിയ പോലീസ് പ്രദേശത്തു നടത്തിയ അന്വേഷണത്തിൽ മറ്റു മൂന്നു പുതപ്പു കച്ചവടക്കാരെ പിടികൂടിയെങ്കിലും യഥാർഥ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണു പ്രതിയെ വെട്ടിക്കവല ജംഗ്ഷനു സമീപത്തുനിന്നു പിടികൂടിയത്.
കൊട്ടാരക്കര സിഐ ന്യൂമാൻ, എസ്ഐ സുനിൽ ഗോപി, എഎസ് ഐ ഷാജഹാൻ, സിപിഒ അജിത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.