സാൻഫ്രാൻസിസ്കോ: സ്ഥാപകൻ മാർക്ക് സു ക്കർബർഗിന്റെ സുരക്ഷയ്ക്കായി ഫേസ്ബുക്ക് കഴിഞ്ഞ വർഷം ചെലവിട്ടത് 22.6 മില്യണ്‍ ഡോളർ (എകദേശം 156കോടി). സു ക്കർബർഗിന്റെ കുടുംബാംഗങ്ങളുടെ സുരക്ഷാച്ചെലവും ഈ തുകയിൽപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. 2017ൽ ഏകദേശം 62 കോടി രൂപയായിരുന്നു സുക്കർബർഗിന്റെ സുരക്ഷയ്ക്കായി കന്പനി ചെലവിട്ടത്.
കഴിഞ്ഞ വർഷം ഇരട്ടിയിലധികമായി ചെലവു കൂടിയതിനു പ്രത്യേക കാരണമൊന്നും ഫേസ്ബുക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ക്രേംബിജ് അനലറ്റിക വിവാദമുൾപ്പെടെയുള്ള ഫേസ്ബുക്കിലെ വലിയ സുരക്ഷാവീഴ്ചകൾ വലിയ ചർച്ചയായതു കഴിഞ്ഞ വർഷമായിരുന്നു. ഈ വിവാദങ്ങളും സുക്കർബർഗിന്റെ സുരക്ഷാച്ചെലവ് കൂട്ടാൻ കാരണമായിട്ടുണ്ടെന്നു വിലയിരുത്തലുണ്ട്. രാജ്യാന്തര യാത്രകൾക്കും മറ്റും സ്വകാര്യ ജെറ്റുകളാണ് സുക്കർബർഗ് ഉപയോഗിക്കാറുള്ളത്. ഇതിന്റെ ചെലവും സുരക്ഷാ ച്ചെലവിലാണ് കന്പനി വകയിരുത്തിയിട്ടുള്ളത്.
സമ്മേളനങ്ങളിലും കോണ്‍ഫറൻസുകളിലും പങ്കെടുക്കാൻ പോകുന്പോൾ സുക്കർബർഗിനായി ചെലവേറിയ തയാറെടുപ്പുകളാണ് സുരക്ഷാ ജീവനക്കാർ നടത്താറുള്ളത്.
സുക്കർബർഗിനായി പ്രത്യേക ഇരിപ്പിടംപോലും സുരക്ഷാ ജീവനക്കാർ കൊണ്ടുപോകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അടുത്തിടെ വാർത്തയായിരുന്നു.