അടുത്ത കാലം വരെ ജനങ്ങളുടെ കാല് പിടിച്ചാണ് വോട്ട് തേടിയിരുന്നതെങ്കില്‍ ഇപ്പോള്‍ അവരെ ഭീഷണിപ്പെടുത്തിയും അപമാനിച്ചും വോട്ട് തേടുന്നതിനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്. ഇക്കാര്യം തെളിയിക്കുന്ന ചില സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
തങ്ങളുടെ ഗ്രാമത്തില്‍ കുടിവെള്ള ക്ഷാമമുണ്ടെന്നും, പ്രശ്നത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട സ്ത്രീകളോട് തനിക്ക് വോട്ടു ചെയ്തില്ലല്ലോയെന്ന് തിരിച്ച് ചോദിച്ചിരിക്കുകയാണ് ഗുജറാത്ത് ജലവിഭവ മന്ത്രി കുന്‍വാര്‍ജി ബവാലിയ. സംഭവം വിവാദമായപ്പോള്‍ ‘വിദ്യാഭ്യാസമില്ലാത്ത സ്ത്രീകളോട്’ സ്ഥലത്തെ പ്രതിപക്ഷ പാര്‍ട്ടികളിലെ പ്രാദേശിക നേതാക്കള്‍ തന്നോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ ഏല്‍പ്പിച്ചതാണെന്നായിരുന്നു ബവാലിയയുടെ പ്രതികരണം. ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിന് കനെസാര ഗ്രാമത്തിലെത്തിയപ്പോഴായിരുന്നു സംഭവം.
പ്രചാരണം പുരോഗമിക്കവെ ഗ്രാമീണ സ്ത്രീകള്‍ ബവാലിയയുടെ അടുത്തെത്തി ഗ്രാമത്തില്‍ പകുതി വീടുകളില്‍ മാത്രമാണ് വെള്ളം ലഭിക്കുന്നതെന്ന് അറിയിക്കുകയായിരുന്നു. ഗ്രാമത്തില്‍ നിന്നുള്ള 55 ശതമാനം പേര് മാത്രമല്ലെ തനിക്ക് വോട്ടു ചെയ്തുള്ള എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.’ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ എനിക്ക് 55 ശതമാനം വോട്ടുകളെ ലഭിച്ചുള്ളു. നിങ്ങള്‍ എന്തു കൊണ്ടാണ് എനിക്ക് വോട്ടു ചെയ്യാതിരുന്നത്’ മന്ത്രി ചോദിച്ചു.
ജലവകുപ്പിന്റെ മന്ത്രിയാണ് ഞാന്‍. ഞാന്‍ സര്‍ക്കാരിലുള്ള ആളാണ്. എനിക്ക് വേണമെങ്കില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഗ്രാമത്തിലേക്ക് വെള്ളം എത്തിക്കാന്‍ കഴിയും’- മന്ത്രി സ്ത്രീകളോട് പറഞ്ഞു. പ്രശ്നം മന്ത്രാലയത്തിന്റെ വിഷയമല്ലെന്ന് പഞ്ചായത്തിലാണ് ഇതു സംബന്ധിച്ച് പരാതി നല്‍കേണ്ടതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ വോട്ടു നല്‍കാത്തതിന്റെ പേരില്‍ ജനങ്ങള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ നിരാകരിക്കുന്നത് ശരിയല്ലെന്നും, ഇത് പ്രതികാര രാഷ്ട്രീയമാണെന്നും കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍ കുറ്റപ്പെടുത്തി.
സമാനമായ രീതിയില്‍ കേന്ദ്രമന്ത്രി മനേക ഗാന്ധി നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ മുസ്ലീങ്ങള്‍ ആവശ്യങ്ങളുമായി സമീപിച്ചാല്‍ പരിഗണിക്കില്ലെന്നാണ് മനേക ഗാന്ധി പറഞ്ഞത്. ‘ഇത് സുപ്രധാനമാണ്. ഞാന്‍ ജയിക്കും. ജനങ്ങളുടെ പിന്തുണയും സ്നേഹവും കാരണമാണ് ഞാന്‍ ജയിക്കുന്നത്. പക്ഷേ മുസ്ലീങ്ങളുടെ വോട്ടില്ലാതെയാണ് എന്റെ ജയമെങ്കില്‍, അത് നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല. കാര്യങ്ങള്‍ കുറച്ചുകൂടി പ്രശ്നത്തിലാവും. ഏതെങ്കിലും മുസ്ലീം എന്തെങ്കിലും ആവശ്യത്തിന് എന്നെ സമീപിച്ചാല്‍, എന്തിന് വന്നെന്ന് ഞാന്‍ കരുതും. എല്ലാം കൊടുക്കല്‍ വാങ്ങല്‍ അല്ലേ? നമ്മളെല്ലാം മഹാത്മാഗാന്ധിയുടെ മക്കളൊന്നുമല്ലല്ലോ? (ചിരിക്കുന്നു) . ‘ എന്നായിരുന്നു മനേകാ ഗാന്ധിയുടെ പ്രസ്താവന.