കൊച്ചി: നിശബ്ദ ജീവിതത്തിനു സ്നേഹത്തിന്റെ ഭാഷകൊണ്ടു താളം പകരാൻ അവര്‍ ഒത്തുചേര്‍ന്നു. പരാധീനതകളുടെ പങ്കുവയ്ക്കലിനൊപ്പം പരസ്പരം ഉള്‍ക്കൊള്ളാനുള്ള മനസിന്റെയും ഹൃദയത്തിന്റെയും ഐക്യം അവരില്‍ പുതുപ്രതീക്ഷയുടെ വെളിച്ചമായി. എറണാകുളം പിഒസിയില്‍ നടന്ന ബധിരരും മൂകരുമായ വിവാഹാര്‍ഥികളുടെ സംഗമവേദിയാണു കൊച്ചിക്കും കേരളത്തിനും നവ്യാനുഭവമായത്.
വിവിഹവേദിക എന്നു പേരിട്ട വിവാഹാലോചന സംഗമത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ബധിരരും മൂകരുമായ 60 ഓളം യുവതീയുവാക്കള്‍ പങ്കുചേര്‍ന്നു. സംസാരിക്കാനും കേള്‍ക്കാനും കഴിയാത്ത ഇവര്‍ കൈകളുടെയും കണ്ണുകളുടെയും ചലനങ്ങളിലൂടെ പരസ്പരം പരിചയപ്പെടുകയും തങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ വിവരിക്കുകയും ചെയ്തത് വേറിട്ട അനുഭവമായി. യുവതീയുവാക്കളും അവരുടെ കുടുംബാംഗങ്ങളും പങ്കാളിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവച്ചു. ഇഷ്ട പങ്കാളിയെ കണ്ടെത്തിയാല്‍ കുടുംബാംഗങ്ങള്‍ക്ക് ആലോചന തുടരാവുന്ന വിധത്തിലാണ് സംഗമം സംഘടിപ്പിച്ചിരുന്നത്.
കഴിഞ്ഞ നവംബറില്‍ നടന്ന സംഗമത്തില്‍ പരസ്പരം പരിചയപ്പെട്ടു വിവാഹിതരായ ബധിതരും മൂകരുമായ അഭിജിത്ത്- ശീതള്‍ ദമ്പതികളും ഇന്നലെ നടന്ന സംഗമത്തില്‍ പങ്കെടുത്തു തങ്ങളുടെ അനുഭവം വിവരിച്ചു. ഒരാഴ്ച മുമ്പാണ് ഇരുവരും വിവാഹിതരായത്. തങ്ങള്‍ ഒട്ടേറെ സന്തോഷത്തോടെയാണു ജീവിതം നയിക്കുന്നതെന്നും കെസിബിസിയുടെ ഈ വിവാഹാലോചന സംഗമം തങ്ങളെപ്പോലുള്ളവര്‍ക്ക് ഏറെ സഹായകരമാണെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ സന്തോഷം പങ്കിടുന്നതിനായി സംഗമത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും മധുരം നല്‍കിയാണ് ഇരുവരും മടങ്ങിയത്.
വിവാഹജീവിതം, ലൈംഗികത, ആശയവിനിമയം, പ്രജനന ആരോഗ്യം തുടങ്ങിയവ സംബന്ധിച്ചു മൂന്നു ദിവസത്തെ കൗണ്‍സലിംഗ് ക്ലാസ് നടന്നിരുന്നു. ഇതോടനുബന്ധിച്ചാണ് വിവാഹ ആലോചനാ സംഗമം സംഘടിപ്പിച്ചത്. ആംഗ്യഭാഷയിലൂടെയാണു ഡോക്ടര്‍മാരും കൗണ്‍സിലര്‍മാരും അടങ്ങുന്ന വിദഗ്ധര്‍ ക്ലാസുകള്‍ നയിച്ചത്. 40 ഓളം പേര് കൗണ്‍സലിംഗ് ക്ലാസില്‍ പങ്കെടുത്തു. ഇതു കൂടാതെ 20ഓളം പേര് ഇന്നലെ നടന്ന സംഗമത്തിലെത്തി. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നല്ലാതെ മറ്റു മത വിഭാഗങ്ങളിലുള്ളവരും ബംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരും സംഗമത്തില്‍ എത്തിയിരുന്നു.
ഫാ. ജോഷി മയ്യാറ്റില്‍ സംഗമം ഉദ്ഘാടനം ചെയ്തു. കെസിബിസി ഫാമിലി കമ്മീഷന് സെക്രട്ടറി ഫാ. പോള്‍ മാടശേരി, ഫാ. സാജു കുത്തോടിപുത്തന്‍പുരയില്‍, സിസ്റ്റര്‍ അഭയ, ഡോ. സുമ ജില്‍സണ്‍, കുഞ്ഞുമോള്‍, ജോഷി, സ്റ്റാലിന് തോമസ്, കെ.സി ഐസക് എന്നിവരാണു ക്ലാസുകള്‍ നയിച്ചത്.
പരിചയപ്പെടലില്‍ മൂന്നു പേര് വിവാഹാലോചനയുടെ പ്രാഥമിക ഘട്ടത്തിലെത്തിയതായും നമ്പറുകള്‍ കൈമാറിയിട്ടുണ്ടെന്നും സംഗമത്തിനു നേതൃത്വം നല്കിയ ഫാ.പോള്‍ മാടശേരി അറിയിച്ചു. മറ്റുള്ളവര്‍ കെസിബിസി ഫാമിലി കമ്മീഷന്റെ വെബ്സൈറ്റിലെ മാട്രിമോണി ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്താണു മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
ആശയവിനിമയത്തിലെ തെറ്റിദ്ധാരണകള്‍കൊണ്ട് ദാമ്പത്യത്തിലുണ്ടാകുന്ന താളപ്പിഴകള്‍,ശാരീരിക-മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചു തിരിച്ചറിവില്ലായ്മ എന്നിങ്ങനെ ബധിരരും മൂകരുമായവര്‍ ദാമ്പത്യജീവിതത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കെസിബിസി മുന്‍കൈയെടുത്ത് ഇത്തരമൊരു സംരംഭം നടപ്പിലാക്കിയത്. കെസിബിസി ഫാമിലി കമ്മീഷനാണു നേതൃത്വം നല്‍കുന്നത്. സിസ്റ്റര്‍ അഭയയാണ് കോ -ഓര്‍ഡിനേറ്റര്‍. കെസിബിസി സംഘടിപ്പിക്കുന്ന മൂന്നാമത്തെ സംഗമമാണ് ഇന്നലെ നടന്നത്. കഴിഞ്ഞ ഏപ്രില്‍, നവംബര്‍ മാസങ്ങളില്‍ സംഗമം നടത്തിയിരുന്നു. അടുത്തസംഗമം ഓഗസ്റ്റില്‍ കൊല്ലത്താണ് നടക്കുകയെന്നും ഫാ.പോള്‍ മാടശേരി അറിയിച്ചു.