കൊച്ചി: നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിനു നേരെ വെടിയുതിർന്ന സംഭവത്തിൽ പ്രതികൾക്ക് തോക്ക് നൽകിയത് അധോലോക കുറ്റവാളി രവി പൂജാരിയെന്ന് സൂചന. ഇയാൾ നൽകിയ തോക്ക് ഉപയോഗിച്ച് അറസ്റ്റിലായ പ്രതികൾ വെടിവെച്ച് പരിശീലനം നടത്തിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.
ബൈക്കിലെത്തി വെടിയുതിർത്ത വിപിൻ, ബിലാൽ എന്നിവരെക്കൂടാതെ ഇതിനായി സഹായം ചെയ്ത അൽത്താഫ് എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
മൂവരെയും ചോദ്യം ചെയ്തതിൽ നിന്ന് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചു. രവി പൂജാരിയുടെ നേതൃത്വത്തിൽ കാസർഗോട്ടെ മോനായി എന്നറിയപ്പെടുന്ന ക്രിമിനൽ സംഘത്തലവൻ പ്രതികൾക്ക് തോക്ക് എത്തിക്കുകയായിരുന്നു. പരിശീലനം നടത്തുന്നതിനായി ഏഴു തിരകൾ ഉപയോഗിച്ചതായാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം.
എന്നാൽ ഇവർ മുന്പ് തോക്ക് ഉപയോഗിച്ച് ശീലമുള്ളവരാണെന്നും ബിലാലിന് സ്വന്തമായി തോക്കുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. പിടിയിലായ വിപിന് വൈരാഗ്യമുണ്ടായിരുന്ന ഒരാളെ സംഭവത്തിന് മുന്പ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്രതികളുമായി അന്വേഷണ സംഘം ഇന്നലെ തെളിവെടുപ്പ് നടത്തി.
അമേരിക്ക വിളിപ്പേരിൽ അറിയുന്ന ആലുവ എൻഎഡിയിലെ കാടുപിടിച്ച് കിടക്കുന്ന സ്ഥലത്ത് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കൂടുതൽ പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. നിരവധി ആളുകൾ ഇതുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുണ്ട്.
ബ്യൂട്ടിപാർലറിനു നേരെ നിറയൊഴിക്കാൻ പ്രാദേശിക സഹായമൊരുക്കിയ കൊല്ലം സ്വദേശിയായ ഡോക്ടറെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. താനല്ല ആയുധങ്ങൾ എത്തിച്ചു നൽകിയതെന്ന് ഒരു സ്വകാര്യ ചാനലിനോട് പിടിയിലായ അൽത്താഫ് പറയുന്ന വീഡിയോദൃശ്യം പുറത്തുവന്നെങ്കിലും അതിൽ കഴന്പില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
അൽത്താഫിന്റെ താമസ സ്ഥലത്തുനിന്ന് അന്വേഷണ സംഘം തോക്കും ബൈക്കും കണ്ടെടുത്തിരുന്നു. അതേസമയം മോനായിക്ക് കേസിലുള്ള പങ്കിനെക്കുറിച്ചും ഇയാൾ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ലീന മരിയ പോളിന്റെ പനന്പള്ളിനഗറിലുള്ള ബ്യൂട്ടിപാർലറിനു നേരെ ഡിസംബർ 15 നാണ് വെടിവയ്പ്പുണ്ടായത്.
ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച യുവാക്കളായിരുന്നു വെടിയുതിർത്തത്. നടിക്ക് അധോലോക കുറ്റവാളി രവി പൂജാരിയുമായുണ്ടായിരുന്ന പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇതിലേക്കു നയിച്ചതെന്നാണ് നിഗമനം.