തൃശൂർ: പ്രചാരണത്തിരക്കുകൾക്കിടയിലും, ആരാധകരെ ത്രസിപ്പിച്ച കമ്മീഷണർ സിനിമയുടെ 25-ാം വാർഷികം ആഘോഷിക്കാൻ സമയം കണ്ടെത്തി സുരേഷ് ഗോപി. 1994ലാണ് സുരേഷ്ഗോപി നായകനായി ഷാജി കൈലാസ്-രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ കമ്മീഷണർ എന്ന ബ്ലോക്ക്ബസ്റ്റർ സിനിമ തിയേറ്ററുകളെ പ്രകന്പനം കൊള്ളിച്ചുകൊണ്ട് റിലീസ് ചെയ്തത്.
25-ാം വാർഷികം ആഘോഷിക്കാൻ ഓൾ കേരള ഭരത് സുരേഷ് ഗോപി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ തീരുമാനിച്ചപ്പോൾ സ്ഥാനാർഥികൂടിയായ സുരേഷ്ഗോപി അതിനായി വേദിയാക്കിയത് പുല്ലഴിയിലെ സെന്റ് ജോസഫ് ഹോം ആയിരുന്നു. അവിടുത്തെ അന്തേവാസികളും ഫാൻസ് ഭാരവാഹികളും പാർട്ടി നേതാക്കളും കുടുംബാംഗങ്ങളും കൂടിച്ചേർന്നു ഫാൻസിന്റെ വക ആദരവും കേക്ക് മുറിക്കലുമെല്ലാമായി ചെറിയൊരു ചടങ്ങ്.
സുരേഷ്ഗോപി ഫാൻസ് സംസ്ഥാന സെക്രട്ടറി അർജുൻ സുരേഷ്, വൈസ് പ്രസിഡന്റ് വിഷ്ണു പി. റെജി, ജോയിന്റ് സെക്രട്ടറി അഖിൽ വിശ്വനാഥ്, ജില്ലാ പ്രസിഡന്റ് അനീജ്, സെക്രട്ടറി വിഷ്ണു അരവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.