അട്ടപ്പാടിയിലെ ആദിവാസികള്‍ മറന്നാലും സന്തോഷ് പണ്ഡിറ്റ് അത് മറക്കാറില്ല, വിഷു ദിനത്തിലെ അവര്‍ക്കുള്ള വിഷുക്കൈനീട്ടം. ഇത്തവണയും പതിവ് തെറ്റിക്കാതെ സന്തോഷ് പണ്ഡിറ്റ് അട്ടപ്പാടിയില്‍ എത്തി. ഇത്തവണ ശാരീരികമായി തീര്‍ത്തും അവശത അനുഭവിക്കുന്നവരെയും തളര്‍ന്ന് കിടക്കുന്നവരെയുമാണ് സന്ദര്‍ശിച്ചത്.
ആദിവാസി ഊരുകളില്‍ വിഷുക്കണിയും മറ്റ് സമ്മാനങ്ങളും ഒപ്പം സ്നേഹവുമായാണ് പണ്ഡിറ്റ് എത്തിയത്. പോഷകക്കുറവ് മൂലം ശിശുമരണമുണ്ടായതു മുതലാണ് എല്ലാവര്‍ഷവും സന്തോഷ് പണ്ഡിറ്റ് അട്ടപ്പാടിയിലെത്തി തുടങ്ങിയത്.
സഹായവുമായി ആളും ആരവവുമില്ലാതെ ഊരുകളില്‍ പോകും. മുന്‍വര്‍ഷങ്ങളിലൊന്നും പതിവുമുടക്കിയിട്ടില്ല. ഇത്തവണയും എത്തിയത് വിഷുകൈനീട്ടവുമായാണ്. കതിരംപതി, തൂവ, ഉറിയന്‍ചാള, ചാവടിയൂര്‍ എന്നീ ഊരുകളില്‍ കിടപ്പുരോഗികളെ സന്ദര്‍ശിച്ചു. ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്കി. അഗളിയിലെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് ആശുപത്രി പാലിയേറ്റീവ് വിഭാഗം പ്രവര്‍ത്തകരും പിആര്‍ഒ രാകേഷ് ബാബുവും കൂടെയുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം അട്ടപ്പാടിയില്‍ വിഷുക്കൈനീട്ടമായി 5000 ലിറ്റര്‍ ടാങ്കാണ് കുടിവെള്ള സൗകര്യത്തിനായി സന്തോഷ് പണ്ഡിറ്റ് നല്‍കിയത്. ഓണത്തിനും സന്തോഷ് അവിടെയെത്തിയിരുന്നു. അന്ന് ഊരുവാസികള്‍ക്ക് അരിയും ഓണക്കോടിയുമാണ് സന്തോഷ് പണ്ഡിറ്റ് സമ്മാനിച്ചത്.