തൃശൂർ: വിഷുദിനത്തിൽ തൃശൂരിൽ വൻ കഞ്ചാവ് വേട്ട. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിനിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച 370 കിലോ കഞ്ചാവ് എക്സൈസ് പിടികൂടിയത്. പിടിച്ചെടുത്ത് കഞ്ചാവിന് ഒരുകോടി രൂപയോളം വിലവരും.
എക്സൈസ് ഇന്റലിജൻസും, തൃശൂർ റേഞ്ച് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെയും ആർ.പി.എഫിന്റെയും നേതൃത്വത്തിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 11 ചാക്കുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംശയം തോന്നാതിരിക്കാൻ കഞ്ചാവ് നിറച്ച ചാക്കുകളിൽ മൈലാഞ്ചി ഇലയും വെച്ചിരുന്നു.
എറണാകുളം-പാറ്റ്ന ട്രെയ്നിലെ പാഴ്സൽ ബോഗിയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വടക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ഭുവനേശ്വറിലേക്ക് അയച്ച കഞ്ചാവ് അവിടെ ഇറക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് എറണാകുളത്തേക്ക് കയറ്റി വിടുകയായിരുന്നുവെന്നും ഇവിടെ നിന്നും തിരിച്ച് ഭുവനേശ്വറിലേക്ക് മടക്കി അയക്കുന്പോഴാണ് എക്സൈസിന്റെ പിടിയിലായതെന്നും സംശയിക്കുന്നതായി തൃശൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.രാജേഷ് പറഞ്ഞു. വൻ കഞ്ചാവ് മാഫിയ ഇതിനു പിന്നിലുണ്ടെന്നാണ് എക്സൈസ് സംശയിക്കുന്നത്.
ഭുവനേശ്വറിൽ നിന്നും എറണാകുളത്തേക്ക് കഞ്ചാവ് കയറ്റി വിട്ടവരെക്കുറിച്ചും എറണാകുളത്ത് നിന്ന് ഇത് തിരിച്ച് പാഴ്സൽ ചെയ്തവരെക്കുറിച്ചും എക്സൈസ് അന്വേഷിച്ചു വരികയാണ്. കേരളത്തിൽ വിൽപനക്ക് കൊണ്ടുവന്നതല്ല ഇതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും തുടരന്വേഷണത്തിൽ മാത്രമേ ഇക്കാര്യങ്ങൾ വ്യക്തമാവുകയുള്ളു. സമീപകാലത്ത് എക്സൈസ് നടത്തിയ വൻ കഞ്ചാവു വേട്ടയാണിത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നേരത്തെ പരിശോധനകൾ നടത്തിയിരുന്നുവെങ്കിലും പിടികൂടാനായിരുന്നില്ല. ഇന്നലെ റെയിൽവേയുടെ പ്രത്യേക അനുമതിയോടെ പാഴ്സൽ ബോഗിയിൽ നടത്തിയ വിശദമായ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്താനായത്. പാഴ്സലുകൾ ചെറിയ രീതിയിൽ തുറന്നുനോക്കിയാണ് പരിശോധിച്ചത്.
ഒരു ഗന്ധവും പുറത്തുവരാത്ത രീതിയിലാണ് കഞ്ചാവ് പായ്ക്ക് ചെയ്തിരുന്നത്. തുറന്നുനോക്കിയാൽ മാത്രമേ ഗന്ധം തിരിച്ചറിയാനാകുമായിരുന്നുള്ളുവെന്നും ഡ്രഗ് ഡിറ്റക്ഷൻ കിറ്റ് ഉപയോഗിച്ച് പരിശോധിച്ച് കഞ്ചാവാണെന്ന് ഉറപ്പുവരുത്തിയാണ് ഇവ പിടിച്ചെടുത്തതെന്നും എക്സൈസ് അധികൃതർ പറഞ്ഞു.മുന്തിയ ഇനം കഞ്ചാവാണ് പിടിച്ചെടുത്തിരിക്കുന്നത്. പതിവിൽ നിന്നും വ്യത്യസ്തമായി കഞ്ചാവ് ഇലകൾ കൂടുതലായി പൊടിച്ച നിലയിലായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾക്ക് വേണ്ടി അന്വേഷണം നടന്നുവരികയാണ് എക്സസൈസ് അധികൃതർ അറിയിച്ചു. തൃശൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ്, എക്സൈസ് ഇൻസ്പെക്ടർ എസ്.ഷിജു, എക്സൈസ് ഇന്റലിജൻസ് പ്രവന്റീവ് ഓഫീസർമരായ ബാഷ്പജൻ, ടി.ജി മോഹനൻ, എ.അനീഷ്, ജെയിൻ, മോഹൻദാസ്, സാബു, ആർ.പി.എഫ് എസ്ഐ ബെനഡിക്ട് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവ് ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും വിശദമായ റിപ്പോർട്ട് എക്സൈസ് കമ്മീഷണർക്ക് നൽകുമെന്നും എക്്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് പറഞ്ഞു.